കൊമ്പൊടിഞ്ഞാലില്‍ നാലംഗം കുടുംബം വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണം: ജനകീയ സമിതി ഹര്‍ത്താല്‍ തുടങ്ങി
കൊമ്പൊടിഞ്ഞാലില്‍ നാലംഗം കുടുംബം വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണം: ജനകീയ സമിതി ഹര്‍ത്താല്‍ തുടങ്ങി
ഇടുക്കി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ നാലംഗം കുടുബം വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി കൊന്നത്തടി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ശിവസേനയുടെയും എന്‍ഡിഎയുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ജനകീയസമിതിയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറികൊണ്ട് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോയി മാത്യുവിനാണ് അന്വേഷണ ചുമതല. അതേസമയം, കേസ് അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 2025 മെയ് ഒന്‍പതിനാണ് തെള്ളിപ്പടവ് സ്വദേശി അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, മാതാവ് പൊന്നമ്മ എന്നിവര്‍ വീടിനുള്ളില്‍ വെന്തുമരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഇത് തള്ളിയിരുന്നു. മൃതദേഹങ്ങളില്‍ മണ്ണെണ്ണയുടെയും വനംവകുപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നതായി ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകുന്നതും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
What's Your Reaction?