ലക്‌സംബര്‍ഗില്‍ വിസ വാഗ്ദാനംചെയ്ത് കബളിപ്പിച്ചത് ലക്ഷങ്ങള്‍: പുതുപ്പള്ളി സ്വദേശി ചെറുതോണിയില്‍ അറസ്റ്റില്‍
ലക്‌സംബര്‍ഗില്‍ വിസ വാഗ്ദാനംചെയ്ത് കബളിപ്പിച്ചത് ലക്ഷങ്ങള്‍: പുതുപ്പള്ളി സ്വദേശി ചെറുതോണിയില്‍ അറസ്റ്റില്‍
ഇടുക്കി: ലക്‌സംബര്‍ഗില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാളെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പുതുപ്പള്ളി പുളിക്കല്‍ റോയി ജോസഫാണ് ചെറുതോണിയില്‍ പിടിയിലായത്. ഇടുക്കി മണിയാറന്‍കുടി സ്വദേശികളായ 10 പേരില്‍നിന്നായി 87 ലക്ഷം രൂപ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗില്‍ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ആളുകളെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടി. ബേക്കറി ജോലി, പായ്ക്കിങ്, ഡ്രൈവിങ് ജോലികള്‍ നല്‍കാമെന്നാണ് ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചത്. ഒരുവിസയ്ക്ക് 25 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. അഡ്വാന്‍സായി 10 ലക്ഷം രൂപയും വിസ നടപടി പൂര്‍ത്തിയാകുമ്പോള്‍ 13 ലക്ഷം രൂപയും വിദേശത്തേയ്ക്ക് പോകുമ്പോള്‍ ബാക്കി രണ്ടു ലക്ഷം രൂപയും നല്‍കണമെന്നാണ് വ്യവസ്ഥ. ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ പണം കൈപ്പറ്റുമ്പോള്‍ നോട്ടറി വക്കീല്‍ നല്‍കിയ രസീതുകളും ഇയാള്‍ നല്‍കും. 13 ലക്ഷം രൂപയുടെ ചെക്ക്് ഉദ്യോഗാര്‍ഥികള്‍ നല്‍കണമെന്നാണ് വ്യവസ്ഥ.
മണിയാറന്‍കുടിയിലെത്തിയ ഇയാള്‍ രണ്ടുയുവാക്കളെ കണ്ടുമുട്ടി അവര്‍ക്കു സൗജന്യ വിസ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഇവരെ ഉപയോഗിച്ച് മറ്റുള്ളവരെ കബളിപ്പിക്കുകയായിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയും സ്വര്‍ണം വിറ്റുമാണ് പലരും പണം നല്‍കിയത്. പിന്നീട് വിസ ലഭിക്കാതായതോടെ കബളിപ്പിക്കപ്പെട്ടവര്‍ചേര്‍ന്ന് വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് വിവരങ്ങള്‍ കൈമാറി.
ഇതിനിടെ വ്യാഴാഴ്ച ഇയാള്‍ ചെറുതോണിയിലെ വക്കീല്‍ ഓഫീസില്‍ 10 പേരില്‍നിന്ന് പണം വാങ്ങാന്‍ എത്തുമെന്ന് വിവരംലഭിച്ചു. ചെറുതോണിയിലെത്തിയ ഇയാളെ ഉദ്യോഗാര്‍ഥികള്‍ തടഞ്ഞുവച്ചു. പണം തിരികെ നല്‍കാന്‍ ഒരുമാസ കാലാവധി ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ ഡല്‍ഹിയിലുള്ള റോയിയുടെ ഭാര്യ ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍വിളിച്ച് ഭര്‍ത്താവിനെ തടഞ്ഞുവച്ചതായി അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി റോയി ജോസഫിനെ കസ്റ്റഡിയിലെടുത്തു.
10 ലക്ഷം രൂപവീതം 10 പേരില്‍നിന്ന് തട്ടാനാണ് ഇയാള്‍ ചെറുതോണിയിലെത്തിയത്. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ സമയോചിത ഇടപെടലില്‍ ഇതൊഴിവായി. ഇയാള്‍ വിസ തട്ടിപ്പ് സംഘത്തിലെ കണ്ണിയാകാമെന്ന് പൊലീസ് സംശയിക്കുന്നു. മൂലമറ്റം, കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം, തൊടുപുഴ, തൃശൂര്‍ മേഖലകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?