കൊമ്പൊടിഞ്ഞാലില്‍ നാലുപേര്‍ വെന്തുമരിച്ച സംഭവം: അന്വേഷണം നിലച്ചതായി ജനകീയ സമിതി: 9ന് പ്രതിഷേധ റാലി
കൊമ്പൊടിഞ്ഞാലില്‍ നാലുപേര്‍ വെന്തുമരിച്ച സംഭവം: അന്വേഷണം നിലച്ചതായി ജനകീയ സമിതി: 9ന് പ്രതിഷേധ റാലി
ഇടുക്കി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി 9ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തും. മരിച്ചവരെ അനുസ്മരിച്ച് പണിക്കന്‍കുടിയില്‍ യോഗവും നടക്കും. സംഭവമുണ്ടായി ഒരുവര്‍ഷം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 2025 മേയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ ദുരൂഹതയുണ്ടെന്ന് ശുഭയുടെ ബന്ധുക്കളും ജനകീയ സമിതിയും പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ല.
കേസിന്റെ തുടരന്വേഷണം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തീപിടുത്തമുണ്ടായതിന്റെ കാരണവും ഒരുമൃതദേഹമൊഴികെ മറ്റ് മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും സംബന്ധിച്ചുള്ള സംശയങ്ങള്‍ ജനകീയ സമിതി മുന്നോട്ടുവച്ചിരുന്നു. സംഭവത്തില്‍ വസ്തുതാപരമായ അന്വേഷണം വേണമെന്നാണ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അനില്‍ ദേവസ്യ, വിനോദ് കറുകപ്പിള്ളില്‍, ഷാജി ചേലാമറ്റം, കൊന്നത്തടി പഞ്ചായത്തംഗം വില്‍സണ്‍ കള്ളിക്കല്‍, ഗിരീഷ് വയലുങ്കല്‍, ഷിജി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?