മുല്ലപ്പെരിയാർ അണക്കെട്ടിൽ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി
മുല്ലപ്പെരിയാർ അണക്കെട്ടിൽ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. അണക്കെട്ടിലെത്തി വിവിധ പരിശോധനയ്ക്കു ശേഷം കുമളി മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.
ജലനിരപ്പ് 130 അടി പിന്നിട്ടതോടെ അണക്കെട്ടിലെ ഷട്ടറുകളുടെ പ്രവർത്തനക്ഷമതയും സീപ്പേജ് വെള്ളത്തിന്റെ അളവും പരിശോധിക്കുന്നതിനായിട്ടാണ് സംഘമെത്തിയത്. രാവിലെ അണക്കെട്ടിലെത്തിയ സംഘം സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി അവയുടെ കാര്യക്ഷമത ഉറപ്പാക്കി. 2,4,5 നമ്പർ ഷട്ടറുകളാണ് ഉയർത്തിയത്. സീപ്പേജ് ഒരു മിനിറ്റിൽ 62 ലീറ്റർ ആണ്. സമിതിയുടെ പരിശോധന റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും.
വൈഗ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 71 അടിയിലേക്ക് എത്തിയതോടെ ഷട്ടർ തുറന്ന് സെക്കൻഡിൽ 1899 ഘനയടി വെള്ളം സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇക്കാരണത്താൽ തമിഴ്നാട് ശുദ്ധജല വിതരണത്തിനുള്ള 105 ഘനയടി വെള്ളം മാത്രമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൊണ്ടുപോകുന്നത്. അതിനാൽ വരും ദിവസങ്ങളിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പിൽ വർധനയുണ്ടാകും. കേന്ദ്ര ജലകമ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ്കുമാർ ചെയർമാനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സീക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ അസ്സിസ്റ്റൻറ് എൻജിനീയർ അരുൺ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ എക്സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, റ്റി.കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ഓഗസ്റ്റ് 17 -നാണ് ഇതിനു മുമ്പ് അവസാനമായി ഡാം സന്ദർശിച്ചത്.
What's Your Reaction?






