ഭൂമിയാംകുളത്ത് പാടം നികത്തല്‍ വ്യാപകം: നടപടിയെടുക്കാതെ അധികൃതര്‍
ഭൂമിയാംകുളത്ത് പാടം നികത്തല്‍ വ്യാപകം: നടപടിയെടുക്കാതെ അധികൃതര്‍
ഇടുക്കി: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഭൂമിയാംകുളത്ത് തണ്ണീര്‍ത്തടങ്ങള്‍ ലോഡ് കണക്കിന് മണ്ണിട്ട് നികത്തുന്നതായി പരാതി. ടൗണില്‍നിന്നും തടിയമ്പാടിലേക്ക് പോകുന്ന റോഡിന് സമീപമുള്ള പാടശേഖരമാണ് നിയമവിരുദ്ധമായി നികത്തുന്നത്. മലയിടിച്ച് എത്തിച്ച നൂറുകണക്കിന് ടിപ്പര്‍ മണ്ണ് പാടത്തിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മണ്ണ് നിരത്തി ഇവിടെ കെട്ടിട നിര്‍മാണം ആരംഭിക്കാനാണ് നീക്കം. ഏറ്റവും കൂടുതല്‍ ജലലഭ്യതയുള്ള പ്രദേശം നികത്തുന്നത് മേഖലയിലെ കുടിവെള്ള സ്രോതസുകള്‍ വറ്റാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിലവില്‍ വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ആഴ്ചയില്‍ മൂന്ന് ദിവസം വെള്ളമെത്തിച്ചാണ് ഇവിടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്. വേനല്‍ കടുത്തതോടെ കൃഷിയിടങ്ങളും വലിയ വരള്‍ച്ചയെ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് പാടം നികത്താനുള്ള നീക്കം തകൃതിയായി നടക്കുന്നത്. മഴക്കാലത്ത് ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. വിഷയം പൊതുപ്രവര്‍ത്തകര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുക്കാതെ മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പാടം നികത്തല്‍ തടയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
What's Your Reaction?