മലയോര ഹൈവേയുടെ വശങ്ങൾ മാലിന്യങ്ങൾ കയ്യടക്കുന്നു
മലയോര ഹൈവേയുടെ വശങ്ങൾ മാലിന്യങ്ങൾ കയ്യടക്കുന്നു

മലയോര ഹൈവേയുടെ വശങ്ങൾ മാലിന്യങ്ങൾ കയ്യടക്കുന്നു. ചപ്പാത്ത് മുതൽ ഏലപ്പാറ വരെയുള്ള ഭാഗങ്ങളിൽ വൻതോതിൽ മാലിന്യ നിക്ഷേപം നടക്കുന്നു.വീടുകളിൽ നിന്നുള്ള കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ള മാലിന്യങ്ങളാണ് അധികവും. ഇതോടെ പാതയിലുടനീളം വലിയ രീതിയിലുള്ള ദുർഗന്ധമാണ്.
അടുത്ത നാളിലാണ് കുട്ടിക്കാനം മുതൽ അയ്യപ്പൻ കോവിൽ ചപ്പാത്ത് വരെ ആധുനിക നിലവാരത്തിൽ മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ചത്. മികച്ച യാത്രാ അനുഭവം ഒരുക്കുന്നതിനൊപ്പം വൃത്തിയുള്ള പാതയിലൂടെയുള്ള സഞ്ചാരം യാത്രക്കാരെ ആകർഷിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി പാതയുടെ വശങ്ങൾ മാലിന്യങ്ങൾ കയ്യടക്കുകയാണ്. ചപ്പാത്ത് മുതൽ ഏലപ്പാറ വരെയുള്ള പാതയിൽ വിവിധ ഇടങ്ങളിലാണ് വൻതോതിൽ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത്. കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ള മാലിന്യങ്ങൾ പാതയുടെ വശങ്ങളിൽ നിരന്നു കിടക്കുന്ന സ്ഥിതിയാണുള്ളത്. ഇതോടെവലിയ തോതിൽ ദുർഗന്ധവും ഇവിടെ വമിക്കുകയാണ്. ഹരിത കർമ്മ സേനയുടെ മികച്ച പ്രവർത്തനത്തിന് പുരസ്കാരം നേടിയ ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. പാതയിൽ മാലിന്യം നിക്ഷേപിക്കാൻ മതിയായ വെയ്സ്റ്റ് ബിന്നുകൾ ഇല്ലാത്തതും പ്ലാസ്റ്റിക് കുപ്പിയടക്കം വലിച്ചെറിയുന്നതിന് കാരണമാകുന്നു.
ശബരിമലയിലേക്ക് തീർത്ഥാടകർ പോകുന്ന പാതയാണിത് , ഒപ്പം വിനോദ സഞ്ചാര സീസണാകുന്നതോടെ നിരവധിയായ വിനോദസഞ്ചാരികളും ഇതുവഴിയാണ് കടന്നു പോകുന്നത്. ഇവരെയെല്ലാം വരവേൽക്കുന്നത് , കുമിഞ്ഞു കൂടിയ മാലിന്യവും ദുർഗന്ധവുമാണ്. ഇത്തരത്തിലെ മാലിന്യനിക്ഷേപം മേഖലയുടെ സ്വീകാര്യതയ്ക്ക് തന്നെ മങ്ങൽ ഏൽപ്പിക്കും എന്നാണ് ആക്ഷേപം. രാത്രിയുടെ മറവിൽ നടക്കുന്ന മാലിന്യനിക്ഷേപം അമർച്ച ചെയ്യൂന്നതിനും, നിലവിൽ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






