സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല: മാട്ടുക്കട്ടയില്‍ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു
സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല: മാട്ടുക്കട്ടയില്‍ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു

അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താത്തതില്‍ വ്യാപക പ്രതിഷേധം. കോട്ടയം- നെടുങ്കണ്ടം റൂട്ടിലോടുന്ന സ്വകാര്യ ബസ് വ്യാഴാഴ്ച നാട്ടുകാര്‍ തടഞ്ഞിട്ടു. അലക്ഷ്യമായി ഓടിച്ച ബസ് യാത്രക്കാരിയെ ഇടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഒടുവില്‍ ഇടുക്കി ആര്‍ടിഒയുടെയും ഉപ്പുതറ പൊലീസിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയശേഷമാണ് ബസ് കടത്തിവിട്ടത്.
ദീര്‍ഘദൂര ബസുകള്‍ മാട്ടുക്കട്ടയില്‍ നിര്‍ത്തുന്നില്ലെന്ന് വര്‍ഷങ്ങളായി പരാതിയുണ്ട്. ഇതേച്ചൊല്ലി വാക്കുതര്‍ക്കവും പതിവാണ്. കഴിഞ്ഞയാഴ്ചയും നാട്ടുകാര്‍ ബസ് തടഞ്ഞിരുന്നു. ബുധാഴ്ച രാവിലെ കോട്ടയം-നെടുങ്കണ്ടം റൂട്ടിലോടുന്ന ബസ് സ്റ്റോപ്പില്‍ നിന്ന് അകലെ നിര്‍ത്തി ആളുകളെ ഇറക്കി. സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേയ്ക്കും ബസ് മുന്നോട്ടെടുത്ത് പോയി. ജീവനക്കാര്‍ അശ്ലീലച്ചുവയുള്ള ആംഗ്യഭാഷ കാട്ടിയതായും ഒരു സ്ത്രീയെ ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു.
ദീര്‍ഘദൂര സര്‍വീസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് യാത്രാക്ലേശത്തിനിടയാക്കുകയാണ്. ബസ് ജീവനക്കാരും നാട്ടുകാരുമായി ഉന്തുംതള്ളും വരെ ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ബസ് തടഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതുവഴിയെത്തിയ ഇടുക്കി ആര്‍ ടി ഒ രമണന്‍ വിഷയത്തില്‍ ഇടപെട്ട് ഉപ്പുതറ പൊലീസിനെ അറിയിച്ചു. നടപടി സ്വീകരിക്കാമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ബസ് നിര്‍ത്താമെന്ന ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ബസ് കടത്തിവിട്ടത്. പരാതി ലഭിച്ചാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടി ഒ രമണന്‍ പറഞ്ഞു.
What's Your Reaction?






