40-ാം വെള്ളി ദിനത്തില്‍ എഴുകുംവയല്‍ കുരിശുമല കയറി ആയിരങ്ങള്‍ 

40-ാം വെള്ളി ദിനത്തില്‍ എഴുകുംവയല്‍ കുരിശുമല കയറി ആയിരങ്ങള്‍ 

Mar 27, 2026 - 17:44
 0
40-ാം വെള്ളി ദിനത്തില്‍ എഴുകുംവയല്‍ കുരിശുമല കയറി ആയിരങ്ങള്‍ 
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതയുടെ നടത്തിയ നാലാമത് കാല്‍നട കുരിശുമല തീര്‍ഥാടനം എഴുകുംവയല്‍ കുരിശുമലയിലേയ്ക്ക് നടന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ മലകയറി. വ്യാഴാഴ്ച വൈകിട്ട് 5ന് വാഴത്തോപ്പില്‍ നിന്നാരംഭിച്ച തീര്‍ഥാടനം രാത്രി 11ന് തങ്കമണിയില്‍ അവസാനിച്ചു. തുടര്‍ന്ന് രാവിലെ 4ന് തങ്കമണിയില്‍ നിന്നാരംഭിച്ച  കാല്‍നട തീര്‍ത്ഥാടനം 7.30 ന് വെട്ടിക്കാമറ്റത്ത് എത്തിച്ചേര്‍ന്നു. 35 കിലോമീറ്റര്‍ ആണ് മെത്രാന്‍ വിശ്വാസികളോടൊപ്പം കാല്‍നടയായി യാത്ര ചെയ്തത്.  വെള്ളയാംകുടി,  തോപ്രാംകുടി, നെടുംകണ്ടം, രാജകുമാരി എന്നീ സ്ഥലങ്ങളില്‍ നിന്നാരംഭിച്ച തീര്‍ഥാടനങ്ങള്‍ രാവിലെ 7.30ന് വെട്ടിക്കാമറ്റം കവലയില്‍ എത്തിച്ചേര്‍ന്നു. വെട്ടിക്കമറ്റത്ത് നിന്നാരംഭിച്ച സംയുക്ത തീര്‍ത്ഥാടനം രാവിലെ 8ന് മലയടിവാരത്ത് എത്തിച്ചേര്‍ന്നു. 9ന് പ്രാരംഭ പ്രാര്‍ത്ഥനകള്‍ നടത്തിയശേഷം ആരംഭിച്ച കുരിശുമല കയറ്റം 10.30ന് മലമുകളില്‍ എത്തിച്ചേര്‍ന്നു. കൊടും ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായി മാറി. മലമുകളില്‍ തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സന്ദേശം നല്‍കി. ഏറെ ത്യാഗം സഹിച്ചുള്ള ഈ യാത്ര വിശ്വാസത്തിന്റെ നിറവാര്‍ന്ന സാക്ഷ്യമാണെന്ന് മെത്രാന്‍ പറഞ്ഞു. ഈശോ സഹിച്ച പീഡകളെ നമ്മുടെ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നതിന്റെ ഭാഗമാണ് നാം ചെയ്യുന്ന ഈ ത്യാഗങ്ങള്‍. ജീവിതാനുഭവങ്ങളില്‍ ഉണ്ടാകുന്ന സങ്കടങ്ങളെയും ദുരിതങ്ങളെയും ഈശോയുടെ കുരിശിനോട് ചേര്‍ത്ത് സമര്‍പ്പിക്കാനും വിശ്വാസികള്‍ക്ക് കഴിയണം. കുടുംബങ്ങള്‍ക്കുവേണ്ടിയും വിവാഹ തടസം നേരിടുന്നവരും ജോലി ലഭിക്കാത്തവരുമായ ചെറുപ്പക്കാര്‍ക്കുവേണ്ടിയും വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തിനുവേണ്ടി പീഡകള്‍ സഹിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിത കുരിശുകളെ ഈശോയുടെ കുരിശിനോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ അവന്‍ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനയും മലകയറ്റവും നമുക്ക് നല്‍കുന്നതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. വികാരി ജനറല്‍മാരായ  മോണ്‍.ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, , ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ . ഫിലിപ്പ് ഐക്കര എന്നിവര്‍ വി. കുര്‍ബാനയ്ക്ക്  സഹകാര്‍മികരായി. മല കയറിയെത്തിയ മുഴുവന്‍ ആളുകള്‍ക്കും നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്തു. ഉച്ചകഴിഞ്ഞും രാത്രിയിലും ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശുമലയില്‍ എത്തി പ്രാര്‍ത്ഥിച്ചത്. വലിയ നോമ്പില്‍ എഴുകുംവയല്‍ കുരിശുമല സന്ദര്‍ശിച്ച് ഒരുക്കത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്  പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.  നോമ്പുകാലം തീരുന്നതുവരെയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ.തോമസ് പഞ്ഞിക്കുന്നേല്‍, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ.ജോസഫ് ചുനയംമാക്കല്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow