കനത്തമഴയില്‍ പൂപ്പാറയില്‍ തൊഴിലാളികളുടെ വീടുകള്‍ക്ക് നാശനഷ്ടം
കനത്തമഴയില്‍ പൂപ്പാറയില്‍ തൊഴിലാളികളുടെ വീടുകള്‍ക്ക് നാശനഷ്ടം
ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ രാത്രിയുണ്ടായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ശാന്തന്‍പാറ, പൂപ്പാറ മേഖലകളിലെ നിരവധി തൊഴിലാളികളുടെ വീടുകള്‍ തകര്‍ന്നു. പന്നിയാര്‍ എസ്റ്റേറ്റിലെ പൂപ്പാറ ഡിവിഷനിലെ ലയന്‍സ് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. എച്ച്എംഎല്‍ കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ തകര്‍ന്നു വീണ് വീടുകള്‍ക്കുള്ളിലേക്ക് വെള്ളംകയറി നിത്യോപയോഗ സാധനങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയും നശിച്ചു. പല കുടുംബങ്ങളും സുരക്ഷിതമായി താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അറുമുഖം, സുന്ദര്‍, ലീല, മുരുകന്‍ എന്നിവരടക്കമുള്ള നിരവധി തൊഴിലാളികളുടെ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നിട്ടുണ്ട്. 120ലേറെ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ 500ലേറെ ആളുകളാണ് താമസിക്കുന്നത്. 60ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളിലാണ് ഇവര്‍ കഴിയുന്നത്. ഇതിനകംതന്നെ വിള്ളലുകള്‍ വീണ് അപകടാവസ്ഥയിലായിരുന്ന കെട്ടിടങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും കൂടുതല്‍ തകരാറിലായി. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ ഈ കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറികളിലാണ് നാലും അഞ്ചും പേര്‍ അടങ്ങുന്ന കുടുംബങ്ങള്‍ കഴിയുന്നത്. തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?