വസ്തുതര്‍ക്കം: മധ്യവയസ്‌കന്‍ ഉള്‍പ്പെടെ നാല് പേരെ മര്‍ദിച്ചതായി പരാതി
വസ്തുതര്‍ക്കം: മധ്യവയസ്‌കന്‍ ഉള്‍പ്പെടെ നാല് പേരെ മര്‍ദിച്ചതായി പരാതി

ഇടുക്കി : വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വാഗമണ്‍ വട്ടപതാലില്‍ മധ്യവയസ്‌കനെയും അയല്‍വാസിയുടെ മക്കളെയും മര്‍ദിച്ചതായി പരാതി. വാഗമണ്‍ പാറക്കെട്ട് പുതുവല്‍ രാധാകൃഷ്ണന്‍, ഇദ്ദേഹത്തിന്റെ സ്ഥലം വിലയ്ക്ക് വാങ്ങിയ കുടുംബത്തിലെ കുട്ടികള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സ്വകാര്യ തോട്ടമുടമയ്‌ക്കെതിരെ രാധാകൃഷ്ണന്‍ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി. രാധാകൃഷ്ണന്റെ കൈവശത്തിലുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി തോട്ടമുടമ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. രാധാകൃഷ്ണന്റെ വസ്തുവില്‍ നിന്ന് ഒരുഭാഗം മൂങ്ങാക്കുഴിയില്‍ കെ സന്ധ്യയ്ക്ക് വിറ്റിരുന്നു.
കഴിഞ്ഞദിവസം തോട്ടമുടമ ഉള്‍പ്പെട്ട സംഘം അനധികൃതമായി സ്ഥലത്ത് പ്രവേശിച്ചതായും എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന്‍ പറയുന്നു. ഇദ്ദേഹത്തെ മര്‍ദിക്കുന്നത് കണ്ട് എത്തിയ സന്ധ്യയുടെ മക്കളെയും മര്‍ദിച്ചതായി പരാതിയുണ്ട്. ഇവര്‍ ഉപ്പുതറ സിഎച്ച്‌സിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പരിക്കേറ്റവര്‍ ആരോപിക്കുന്നു.
What's Your Reaction?






