ചുട്ടുപൊള്ളുന്ന വേനലിലും കോടമഞ്ഞില്‍ പൊതിഞ്ഞ് പരുന്തുംപാറ
ചുട്ടുപൊള്ളുന്ന വേനലിലും കോടമഞ്ഞില്‍ പൊതിഞ്ഞ് പരുന്തുംപാറ
ഇടുക്കി: വേനല്‍ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ പരുന്തുംപാറയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കുളിര് മാത്രമല്ല വെള്ള പുതപ്പിട്ടപോലെ ഒഴുകി നീങ്ങുന്ന കോടമഞ്ഞും കണ്ണിനും മനസിനും കുളിര്‍മയേകുന്ന പച്ചപ്പുമൊക്കെയാണ്. തിരുവിതാംകൂര്‍ രാജഭരണം മുതല്‍ വേനല്‍ക്കാല വസതിയായി തെരഞ്ഞെടുത്ത ഇടമാണ് പീരുമേട്. പുറത്ത് ചൂട് എത്ര കഠിനമാണെങ്കിലും പീരുമേട്ടിലെത്തിയാല്‍ മനസിനും ശരീരത്തിനും കുളിര്‍മയേകുന്ന അന്തരീക്ഷമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മിക്കയിടങ്ങളിലും കാലാവസ്ഥ വ്യതിയാനം പ്രകടമാണെങ്കിലും പരുന്തുംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് നിരാശരാകേണ്ടി വരില്ല. വെളുത്ത പുതപ്പിട്ടപോലെ ഒഴുകിയെത്തുന്ന കോടമഞ്ഞാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
സഞ്ചാരികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലഘുഭക്ഷണശാലകളും വിവിധ വ്യാപാര സ്ഥാപനങ്ങളും സജീവം. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് ഭയരഹിതമായി സമയം ചെലവഴിക്കാം. സംസ്ഥാനത്തിനകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമായി പതിനായിരത്തിലേറെ സഞ്ചാരികള്‍ ദിവസേന എത്തുന്നുണ്ടെന്നാണ് കണക്കുകള്‍.
What's Your Reaction?