ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം: നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പ് നാളെ
ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം: നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പ് നാളെ

ഇടുക്കി : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ നിയമസഭ പെറ്റീഷന്‍ കമ്മിറ്റി നാളെ തെളിവെടുക്കും. ഏലപ്പാറ ചിന്നാര്‍ സിദ്ധന്‍ഭവനില്‍ സി ആര്‍ രാമറുടെ മകള്‍ ലിഷമോളാണ് 2022 ഏപ്രില്‍ 24ന് മരിച്ചത്. അച്ഛന്‍ രാമറും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമിയും നല്‍കിയ പരാതിയിലാണ് കമ്മിറ്റി തെളിവെടുക്കുന്നത്.
അസഹ്യമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2022 ഏപ്രില്‍ 6നാണ് ലിഷമോളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമാകാതെ വന്നതോടെ ഏപ്രില്‍ 24 ന് ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഡ്യൂട്ടി ഡോക്ടര്‍മാര്‍ യുവതിയെ പരിശോധിക്കാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഡോക്ടര്‍മാര്‍ അവഗണന തുടര്‍ന്നതോടെ 3.30 ഓടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ ലിഷമോള്‍ മരിച്ചു.
സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്പഷ്യല്‍ ഓഫീസര്‍ ഡോ. എം എച്ച് അബ്ദുള്‍ റഷീദ്, ആരോഗ്യ വകുപ്പ് ഫോറന്‍സിക് മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍, തിരുവനന്തപുരം മെഡിക്കന്‍ കോളേജ് പ്രൊഫസര്‍ ഡോ. എസ്. ശ്രീകണ്ഠന്‍ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമെയാണ് നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പ്.
What's Your Reaction?






