കൊന്നത്തടി കൊമ്പിടിഞ്ഞാലില്‍ നാട്ടുകാരുടെ പ്രതിഷേധം: ജല്‍ജീവന്‍ മിഷന്റെ പൈപ്പിടീല്‍ ജോലികള്‍ തടഞ്ഞു
കൊന്നത്തടി കൊമ്പിടിഞ്ഞാലില്‍ നാട്ടുകാരുടെ പ്രതിഷേധം: ജല്‍ജീവന്‍ മിഷന്റെ പൈപ്പിടീല്‍ ജോലികള്‍ തടഞ്ഞു

ഇടുക്കി : കൊന്നത്തടി കൊമ്പിടിഞ്ഞാലില്‍ റോഡ് കുത്തിപ്പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജല്‍ജീവന്‍ മിഷന്റെ പൈപ്പിടീല്‍ ജോലികള്‍ തടഞ്ഞു. പൈപ്പുകള്‍ കൊണ്ടുവന്ന വാഹനങ്ങളും കരാറുകാരുടെ വണ്ടികളും നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. റോഡ് നിര്‍മിച്ചുനല്‍കാമെന്ന് കലക്ടര്‍ എത്തി ഉറപ്പുനല്‍കിയാല്‍ മാത്രമേ വാഹനങ്ങള്‍ വിട്ടുനല്‍കൂവെന്ന നിലപാടിലാണ് നാട്ടുകാര്‍.
കെ എം ബീനമോള്‍ റോഡിലെ മാങ്ങാപ്പാറ- ചേപ്ലാംകുഴി, കടമാന്‍ പടി റൂട്ടില്‍ ടാറിങ് പൊളിച്ച് പൈപ്പിടുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. നിലവില്‍ സഞ്ചാരയോഗ്യമല്ലാത്ത റോഡ് പൈപ്പിടാനായി കുത്തിപ്പൊളിച്ചാല്‍ ഗതാഗതം ദുഷ്‌കരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്.
റോഡ് കുഴിക്കാനായി എത്തിച്ച മണ്ണുമാന്തി യന്ത്രങ്ങളും കരാറുകാരുടെ വാഹനങ്ങളും നാട്ടുകാര്‍ തടഞ്ഞുവച്ചു. വെള്ളത്തുവല്‍ പൊലീസ് എത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയില്ല. അതേസമയം ജനപ്രതിനിധികളും സ്ഥലത്തെത്തിയില്ല. കലക്ടര്‍ എത്തി ഉറപ്പുനല്‍കിയാല്‍ മാത്രമേ വാഹനങ്ങള്‍ വിട്ടുനല്‍കൂവെന്ന നിലപാടിലാണിവര്‍.
പ്രതിഷേധ സൂചകമായി റോഡിന് നടുവില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനയില്‍ നാട്ടുകാര്‍ പച്ചക്കറി വിത്തുകളും വിതച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.
പൈപ്പിടീല്‍ ജോലിക്കിടെ ജലനിധിയുടെ വിതരണ പൈപ്പുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. അതേസമയം റോഡ് കുഴിച്ച ഭാഗം ടാര്‍ ചെയ്യുമെന്നും പൈപ്പുകളുടെ ശേഷി പരിശോധിച്ചശേഷമേ റോഡ് നിര്‍മിക്കാനാകൂ എന്നും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
What's Your Reaction?






