ഏഴ് പതിറ്റാണ്ടായി പാലമില്ല: പള്ളിവാസല്‍ കമ്പിലൈനില്‍ നാട്ടുകാര്‍ യാത്രാദുരിതത്തില്‍  

ഏഴ് പതിറ്റാണ്ടായി പാലമില്ല: പള്ളിവാസല്‍ കമ്പിലൈനില്‍ നാട്ടുകാര്‍ യാത്രാദുരിതത്തില്‍  

May 21, 2026 - 14:18
 0
ഏഴ് പതിറ്റാണ്ടായി പാലമില്ല: പള്ളിവാസല്‍ കമ്പിലൈനില്‍ നാട്ടുകാര്‍ യാത്രാദുരിതത്തില്‍  
This is the title of the web page

ഇടുക്കി: മറുകര കടക്കാന്‍ ഒരു പാലം വേണമെന്ന കമ്പിലൈന്‍ നിവാസികളുടെ ആവശ്യത്തിന് ഏഴ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കമ്പിലൈനിലുള്ള നിരവധി കുടുംബങ്ങളാണ് പാലമില്ലാത്തതിന്റെ പ്രതിസന്ധി നാളുകളായി അനുഭവിക്കുന്നത്. ഓരോ മഴക്കാലത്തും സ്വയം തടിപ്പാലം തീര്‍ത്താണ് ഇവരുടെ അക്കരെയിക്കരെയുള്ള യാത്ര. കമ്പിലൈന്‍ ഉണ്ണിക്കുഴി വഴി കല്ലാര്‍ മെയിന്‍ റോഡിലേക്ക് എത്തുന്ന റോഡിന് കുറുകെയാണ് മുതിരപ്പുഴയുടെ കൈവഴിയായ വട്ടയാര്‍ ഒഴുകുന്നത്. തോട്ടം കാര്‍ഷിക മേഖലയായ ഇവിടെ കുടിയേറ്റകാലത്തിനുശേഷം നാട്ടുപാത വീതി കൂട്ടി നിര്‍മാണം നടത്തിയെങ്കിലും ആറിന് കുറുകെ പാലം നിര്‍മിച്ചിട്ടില്ല. ചപ്പാത്തിന് സമാനമായ രീതിയില്‍ കല്ലുകള്‍ നിരത്തി വെള്ളം കുറവുള്ള സമയത്ത് നാട്ടുകാര്‍ വാഹനങ്ങള്‍ മറുകര കടത്തും. എന്നാല്‍ മഴക്കാലമായി നീരൊഴുക്ക് വര്‍ധിച്ചാല്‍ ഇതും നിലക്കും. പോയ വര്‍ഷങ്ങളില്‍ പ്രദേശവാസികള്‍ കമുകിന്‍ തടി വെട്ടി ഇട്ട് താല്‍ക്കാലിക പാലമൊരുക്കിയാണ് മഴക്കാലങ്ങളില്‍ യാത്ര നടത്തിയത്. കൈവരികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ പാലത്തിലൂടെയാണ് കഴിഞ്ഞ മഴക്കാലത്ത് കൊച്ചു കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ യാത്ര നടത്തിയത്. വീണ്ടുമൊരു മഴക്കാലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുരക്ഷിതമായി യാത്ര ചെയ്യാനൊരു പാലമെന്ന പ്രദേശവാസികളുടെ ആവശ്യം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ഈ മഴക്കാലത്തും അക്കരെയിക്കരെ കടക്കണമെങ്കില്‍ സ്വയം തടിപ്പാലം തീര്‍ക്കുകയെ പ്രദേശവാസികള്‍ക്ക് രക്ഷയൊള്ളു. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ പലപ്പോഴും നാട്ടുകാരുടെ തടിപ്പാലം ഒഴുകി പോകുന്നതും പതിവാണ്. പിന്നെ വെള്ളമിറങ്ങിയതിനുശേഷം മാത്രമേ താല്‍ക്കാലിക പാലം നിര്‍മാണം നടക്കൂ. മാത്രവുമല്ല ചെറിയ പാലത്തില്‍നിന്നും അളുകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സുരക്ഷിത യാത്രക്കൊരു പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഇനി മുട്ടാന്‍ വാതിലുകള്‍ ബാക്കിയില്ല. പതിറ്റാണ്ടുകളായി കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow