സംസ്ഥാനത്ത് റബ്ബര്‍ വില 260 രൂപയിലേക്ക്: കര്‍ഷകര്‍ക്ക് ആശ്വാസം
സംസ്ഥാനത്ത് റബ്ബര്‍ വില 260 രൂപയിലേക്ക്: കര്‍ഷകര്‍ക്ക് ആശ്വാസം
ഇടുക്കി: സംസ്ഥാനത്ത് റബ്ബര്‍ വില ഉയരുന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു. നാലാംതരം റബ്ബറിന് കിലോക്ക് 260 രൂപയിലേക്ക് വില ഉയര്‍ന്നതോടെയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായത്. മഴക്കാലമെത്തുന്നതോടെ പാല്‍ ഉത്പാദനം കൂടുമെന്നതിനാല്‍ മരങ്ങളില്‍ മഴ മറകള്‍ തീര്‍ത്ത് ടാപ്പിങ് തുടരാനുള്ള പ്രവര്‍ത്തനങ്ങള്‍ പല കര്‍ഷകരും ആരംഭിച്ച് കഴിഞ്ഞു. വില സ്ഥിരതയില്ലായ്മയാണ് റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ചില സമയങ്ങളില്‍ കുത്തനെ ഉയരുന്ന വില പിന്നീട് കുത്തനെ കൂപ്പുകുത്തുന്നത് റബ്ബര്‍ വിപണിയില്‍ പലപ്പോഴും നിരാശ സമ്മാനിക്കുന്നണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും തൊഴിലാളികളുടെ കൂലിയും കാരണം ടാപ്പിങ് നടത്തിയാലും കാര്യമായ ലാഭം ലഭിക്കാത്തത് കര്‍ഷകരെ വലച്ചിരുന്നു. വേനല്‍ ആരംഭിച്ചതിനുപിന്നാലെ റബ്ബര്‍മരങ്ങള്‍ ഇല കൊഴിച്ചതോടെ പാല്‍ ഉത്പാദനം കുറയുകയും പലരും ടാപ്പിങ് നിര്‍ത്തിയതും ഈ മേഖലയെ ബാധിച്ചിരുന്നു. വീണ്ടും ഇലകള്‍ തളിര്‍ത്ത് ടാപ്പിങ് പുനരാരംഭിച്ച് മുമ്പോട്ട് പോകവെയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി റബ്ബര്‍ വില വര്‍ധിച്ചത്. തുടര്‍ച്ചയായി മഴ പെയ്യുന്നതോടെ ടാപ്പിങ് നടക്കാതെ വരികയും ഉത്പാദനം ഇടിയുകയും ചെയ്യുന്ന പ്രവണത മഴക്കാലങ്ങളില്‍ ഉണ്ടാകാറുണ്ട്. മഴക്കാലങ്ങളില്‍ പൊതുവെ പാല്‍ ഉത്പാദനം കൂടുതലുള്ള കാലയളവാണ്. അനുകൂല സാഹചര്യങ്ങള്‍ മുതലാക്കി പരമാവധി വരുമാനം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റബ്ബര്‍ കര്‍ഷകര്‍.
What's Your Reaction?
