'മണ്‍മറഞ്ഞ മാമത്തിന്റെ പല്ല്?'': ചര്‍ച്ചാവിഷയമായി രാജകുമാരി മുരിക്കുംതൊട്ടിയിലെ അത്ഭുതവസ്തു
'മണ്‍മറഞ്ഞ മാമത്തിന്റെ പല്ല്?'': ചര്‍ച്ചാവിഷയമായി രാജകുമാരി മുരിക്കുംതൊട്ടിയിലെ അത്ഭുതവസ്തു
ഇടുക്കി: രാജകുമാരി മുരിക്കുംതൊട്ടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിച്ച വിചിത്ര വസ്തുവാണിപ്പോള്‍ എങ്ങും ചര്‍ച്ചാവിഷയം. പല അടുക്കുകളുള്ള കല്ലിന്റെ രൂപത്തിലുള്ള ഈ വസ്തുവിന് രണ്ട് കിലോ ഭാരം. ഈ അസാധാരണ തൂക്കം ആരെയും ഞെട്ടിക്കും. ചര്‍ച്ചകള്‍ കാടുകയറിപ്പോയി. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഏതോ ഭീമന്‍ ആനയുടെയോ മാമത്തിന്റെയോ അണപ്പല്ല് ആകാന്‍ സാധ്യതയുണ്ടെന്നുവരെ നിഗമനങ്ങളായി. എന്തായാലും ഈ അസാധാരണ വസ്തു നാട്ടിലെങ്ങും പാട്ടായി.
തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണുമാറ്റുന്നതിനിടയിലാണ് വസ്തു ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റനോട്ടത്തില്‍ 'ബ്രഡ്' ഒന്നിനുമുകളില്‍ ഒന്നൊന്നായി അടുക്കിവച്ചപോലെയുള്ള ആകൃതി. സാധാരണ കല്ലുകള്‍ക്കില്ലാത്ത തവിട്ടും ക്രീമും കലര്‍ന്ന നിറം. കൗതുകം തോന്നി ഇവര്‍ കൈയിലെടുത്തപ്പോഴാണ് അസാധാരണ ഭാരം വ്യക്തമായത്.
കൗതുക വസ്തു കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തി. വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് ആകാംഷ കൊടുമുടി കയറിയത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന ഭീമന്‍ ആനകളുടെയോ, വംശനാശം സംഭവിച്ച 'മാമത്തു'കളുടെയോ അണപ്പല്ലിന്റെ ഫോസിലാകാമെന്നാണ് നിഗമനം.
ആനകളുടെ അണപ്പല്ലുകളില്‍ 'സിമന്റം' എന്ന പദാര്‍ഥംകൊണ്ട് ഒട്ടിപ്പിടിച്ച ഇനാമല്‍ പാളികളുണ്ട്. കാലക്രമേണ ഇത് മണ്ണടിഞ്ഞ്, ധാതുക്കള്‍ അടിഞ്ഞുകൂടി ഫോസിലായി മാറുമ്പോള്‍ കല്ലുപോലെ കട്ടിയാകുകയും ഭാരം കൂടുകയും ചെയ്യും. ഇതേഘടനയാണ് മുരിക്കുംതൊട്ടിയില്‍ ലഭിച്ച വസ്തുവിലും കാണാനാകുന്നയ്. ഇതൊരു യഥാര്‍ഥ ഫോസിലാണെങ്കില്‍, പണ്ട് ഇടുക്കിയിലെ കാടുകളില്‍ 'സ്റ്റെഗോഡണ്‍' എന്നറിയപ്പെടുന്ന പ്രാചീന നേര്‍ക്കൊമ്പന്‍ ആനകള്‍ ജീവിച്ചിരുന്നതിന്റെ ഏറ്റവും വലിയ തെളിവാകും.
അതേസമയം പ്രകൃതി ഇരുമ്പിന്റെ അംശമുള്ള പാറകളെ ഇതേ രൂപത്തില്‍ മാറ്റിയെടുക്കാറുമുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഈ വിചിത്ര വസ്തു വെറുമൊരു പാറക്കഷണമാണോ അതോ കോടാനുകോടി വര്‍ഷങ്ങളുടെ പഴക്കമുള്ള ചരിത്രശേഷിപ്പാണോ എന്നറിയാന്‍ റവന്യു അധികൃതര്‍ പുരാവസ്തു വകുപ്പിന് കൈമാറാന്‍ തയാറെടുക്കുകയാണ്. ലാബില്‍ ശസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ ഇടുക്കിയുടെ മണ്ണില്‍ ഒളിഞ്ഞിരിക്കുന്ന വലിയൊരു ചരിത്രരഹസ്യത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകവും മുരിക്കുംതൊട്ടി ഗ്രാമവും.
What's Your Reaction?
