തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പഠനത്തിന് സര്‍ക്കാര്‍
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പഠനത്തിന് സര്‍ക്കാര്‍

ഇടുക്കി : ജില്ലയിലെ തോട്ടം മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പുതിയ പഠനം നടത്താന്‍ വ്യവസായ വകുപ്പിന്റെ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ഇതിനുശേഷം പുനരുദ്ധാരണ പാക്കേജും പ്രഖ്യാപിക്കും. മനുഷ്യവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി നല്‍കിയ നിവേദനത്തിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ പഠനത്തിനുശേഷം തോട്ടം മേഖലയ്ക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്നും വ്യവസായ വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്. ബൈജുകുമാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
1990ലാണ് പീരുമേട് ഉള്‍പ്പെടെയുള്ള തോട്ടം മേഖലകളില്‍ പ്രതിസന്ധി രൂപപ്പെട്ടത്. 2000ല്‍ സംസ്ഥാനത്തെ 17 വന്‍കിട തോട്ടങ്ങള്‍ പൂട്ടി. ഇവിടങ്ങളിലെ തൊഴിലാളികള്‍ തോട്ടങ്ങളിലെ കൊളുന്ത് നുള്ളിവിറ്റാണ് ഉപജീവനം നടത്തുന്നത്. തൊഴിലാളി തകര്‍ന്ന ലയങ്ങള്‍ ഭൂരിഭാഗവും ജീര്‍ണാവസ്ഥയിലായി. തോട്ടം മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് തൊഴില്‍വകുപ്പ് മുമ്പ് പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തോട്ടം തുറക്കുമെന്ന് പലതവണ പ്രഖ്യാപനങ്ങളും ഉണ്ടായി. എന്നാല്‍ നാല് വന്‍കിട തോട്ട ങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. പ്രശ്‌നപരിഹാരത്തിന് 2020ല്‍ 21 നിര്‍ദേശങ്ങളുള്ള പുതിയ പ്ലാന്റേഷന്‍ നയത്തിന് ക്യാബിനറ്റ് അംഗീകാരവും നല്‍കിയിരുന്നു. എന്നാല്‍, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുകളെ തുടര്‍ന്ന് ലയങ്ങള്‍ നവീകരിക്കാന്‍ രണ്ടുവര്‍ഷങ്ങളിലായി 20 കോടി രൂപ അനുവദിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
What's Your Reaction?






