ബഥേല്‍ പാലം തകര്‍ന്നിട്ട് മാസങ്ങള്‍: ഒറ്റപ്പെട്ട് 5000ലേറെ കുടുംബങ്ങള്‍
ബഥേല്‍ പാലം തകര്‍ന്നിട്ട് മാസങ്ങള്‍: ഒറ്റപ്പെട്ട് 5000ലേറെ കുടുംബങ്ങള്‍
ഇടുക്കി: വാത്തിക്കുടി, കൊന്നത്തടി, നെടുങ്കണ്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബഥേല്‍ പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നു. കഴിഞ്ഞ നവംബറിലെ കാലവര്‍ഷത്തില്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാം തുറന്നപ്പോള്‍ പാലവും ഇരുവശങ്ങളിലെ റോഡുകളും തകര്‍ന്നതോടെയാണ് ഗതാഗതം നിലച്ചത്. 5000ലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാലം പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധികള്‍ അവഗണിച്ചതായി ആക്ഷേപമുണ്ട്.
ഇടുക്കി, ഉടുമ്പന്‍ചോല നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തിയായ ചിന്നാര്‍ പുഴയ്ക്ക് കുറുകയുള്ള പാലമാണ് കുത്തൊഴുക്കില്‍ തകര്‍ന്നത്. മൂന്നുപഞ്ചായത്തുകളിലായുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണിത്. ഗതാഗതം നിലച്ചതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത് പെരിഞ്ചാകുട്ടി, ചെമ്പകപ്പാറ റൂട്ടുകളിലൂടെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്. പാലത്തിലൂടെ 300 മീറ്റര്‍ മാത്രം യാത്രചെയ്താല്‍ ബഥേല്‍ ടൗണിലെത്താം. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍പോലും ആളുകള്‍ എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് ത്രിതല പഞ്ചായത്തുകള്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
What's Your Reaction?
