ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു: മകന് ഗുരുതര പരിക്ക്: പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു: മകന് ഗുരുതര പരിക്ക്: പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ജനകീയ
പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും കുട്ടിയുടെ ചികിത്സയും മുന്നോട്ടുള്ള ജീവിതവും സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിലേയ്ക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെയാണ് ചിന്നക്കനാല്‍ സൂര്യനെല്ലി സ്വദേശിനി മാരി(35) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാനായി റോഡിലെത്തിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡില്‍ നിലയുറപ്പിച്ചിരുന്ന ആനകളെ കാണാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം കാട്ടാന ആക്രമണമുണ്ടാകുന്ന മേഖലയാണ് മതികെട്ടാന്‍ചോല ദേശീയോദ്യാനത്തോടുചേര്‍ന്നുള്ള ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അരിക്കൊമ്പനെ നാടുകടത്തിയപ്പോള്‍ മറ്റ് ഒറ്റയാന്‍മാരെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്നും ആനകളുടെ സാന്നിധ്യമറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കാര്‍ഷിക, ജനവാസ മേഖലകളില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല. നിലവില്‍ ആര്‍ആര്‍ടിക്ക് ആനകളെ തുരത്താനുള്ള ഉപകരണങ്ങള്‍ പോലുമില്ല. കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
What's Your Reaction?