നിര്‍മാണം പൂര്‍ത്തിയായ കരിമ്പന്‍-കുട്ടപ്പന്‍സിറ്റി റോഡ് ജല അതോറിറ്റി പൊളിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍ 

നിര്‍മാണം പൂര്‍ത്തിയായ കരിമ്പന്‍-കുട്ടപ്പന്‍സിറ്റി റോഡ് ജല അതോറിറ്റി പൊളിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍ 

Jun 9, 2026 - 16:51
 0
നിര്‍മാണം പൂര്‍ത്തിയായ കരിമ്പന്‍-കുട്ടപ്പന്‍സിറ്റി റോഡ് ജല അതോറിറ്റി പൊളിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയായ കരിമ്പന്‍-കുട്ടപ്പന്‍സിറ്റി റോഡ് ജല അതോറിറ്റി പൊളിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പൊതുമുതല്‍ സംരക്ഷണത്തില്‍ അധികൃതര്‍ കാണിച്ച അനാസ്ഥയാണ് വിവാദത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിനിടെ കനത്ത മഴയില്‍ നടത്തിയ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ സംരക്ഷിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതിരുന്നതും പ്രതിഷേധത്തിന് ആക്കംകൂട്ടി. അഞ്ചുവര്‍ഷത്തിലേറെ നീണ്ട ജനകീയ സമരങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് വാഴത്തോപ്പ് പഞ്ചായത്ത് രണ്ട് മാസം മുമ്പ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മാണം പൂര്‍ത്തിയാകുന്നതിനുനുമ്പേ ആവശ്യമായ സമയം അനുവദിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ഐറിഷ് ഓട പൊളിച്ച് വീണ്ടും പൈപ്പ് സ്ഥാപിക്കുന്നതിനായി ഖനനം നടത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.
ഖനനം നടത്തിയ ഭാഗത്ത് വെള്ളം മണ്ണിലേയ്ക്ക് ഇറങ്ങി റോഡിന്റെയും ഐറിഷ് ഓടയുടെയും അടിയിലൂടെ ഒഴുകി ഏകദേശം 150 മീറ്ററോളം അകലെയുള്ള ഭാഗത്ത് പുറത്തേക്ക് വരുന്നതായി നാട്ടുകാര്‍ കണ്ടെത്തി. ഇതോടെ റോഡിന്റെ അടിഭാഗം വലിയ തോതില്‍ ഒലിച്ചുപോയതായും പല ഭാഗങ്ങളിലും വിള്ളലുകളും താഴ്ചകളും രൂപപ്പെട്ടതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. പുതുതായി നിര്‍മിച്ച റോഡിന്റെ സ്ഥിരത തന്നെ അപകടത്തിലായിരിക്കുകയാണെന്നും മുഴുവന്‍ ഭാഗവും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി പുനര്‍നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മണ്ണൊലിച്ച് ഗര്‍ത്തം രൂപപ്പെട്ട ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ കനത്ത മഴ പെയ്യുന്നതിനിടെ പോലും കോണ്‍ക്രീറ്റ് സംരക്ഷിക്കാന്‍ ആവശ്യമായ പ്ലാസ്റ്റിക് ഷീറ്റുകളോ മറ്റ് സംവിധാനങ്ങളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മഴയില്‍ കോണ്‍ക്രീറ്റ് ഒഴുകിപ്പോകാതിരിക്കാന്‍ അതിഥി തൊഴിലാളികള്‍ സമീപത്തെ കൊക്കോ മരങ്ങളില്‍നിന്നുള്ള ഇലകള്‍ ശേഖരിച്ച് മൂടിയ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ അതൃപ്തി വര്‍ധിപ്പിച്ചു. പിന്നീട് പ്രദേശവാസികള്‍ തന്നെ പ്ലാസ്റ്റിക് ഷീറ്റുകള്‍ എത്തിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗം സംരക്ഷിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ കരാറുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഷീന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കേടുപാടുകള്‍ സംഭവിച്ച ഭാഗങ്ങള്‍ പൂര്‍ണമായും പുനര്‍നിര്‍മിച്ച് നല്‍കാമെന്ന് കരാറുകാരന്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് താല്‍ക്കാലിക വിരാമമായത്. 
പൊതുജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് നിര്‍മിച്ച റോഡുകള്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും അശ്രദ്ധയും മൂലം വീണ്ടും നശിപ്പിക്കപ്പെടുന്നത് വികസന പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow