കുരുക്കഴിയാതെ തൊടുപുഴ നഗരം
കുരുക്കഴിയാതെ തൊടുപുഴ നഗരം
ഇടുക്കി: വാഗ്ദാനങ്ങള്‍ പലതുണ്ടായിട്ടും ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുകയാണ് തൊടുപുഴ നഗരം. ബജറ്റുകളില്‍ പ്രഖ്യാപിച്ച ഫ്‌ളൈ ഓവറുകള്‍ ഇപ്പോഴും കടലാസിലൊതുങ്ങുമ്പോള്‍ ജനങ്ങളുടെ യാത്രാദുരിതം അനുദിനം വര്‍ധിക്കുന്നു. കെഎസ്ആര്‍ടിസി ജങ്ഷന്‍ മുതല്‍ വെങ്ങല്ലൂര്‍കവല വരെ നീളുന്ന വാഹനങ്ങളുടെ കിലോമീറ്ററുകളോളമുള്ള ക്യൂ നിത്യ സംഭവം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പത്തുകോടി രൂപ വകയിരുത്തി ഫ്‌ളൈ ഓവര്‍ പ്രഖ്യാപിച്ചെങ്കിലും യാതൊരു തുടര്‍ നടപടിയുമുണ്ടായില്ല. കാല്‍നടയാത്രക്കാര്‍ക്ക് മാഞ്ഞുപോയ സീബ്രാ ലൈനുകളിലൂടെ ജീവന്‍ പണയംവച്ച് റോഡ് മുറിച്ചുകടക്കേണ്ടി വരുന്നതാണ് സാഹചര്യം. റോഡരികിലെ അനധികൃത പാര്‍ക്കിങ്ങും കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ നഗരസഭയോ പൊലീസോ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. തൊടുപുഴയില്‍ ഗതാഗത ഉപദേശക സമിതിയുടെ പ്രവര്‍ത്തനത്തിനെതിരെയും പരാതിയുണ്ട്. പുതിയ ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജങ്ഷനിലെ ട്രാഫിക് കുരുക്ക് ഇരട്ടിയായി. മൂപ്പില്‍ക്കടവ് റോഡില്‍നിന്ന് കോതായിക്കുന്ന് ബൈപ്പാസിലേക്ക് നീളുന്ന ഒരു ഫ്‌ളൈ ഓവര്‍ നിര്‍മിക്കാതെ ഈ ശ്വാസംമുട്ടലിന് പരിഹാരമുണ്ടാകില്ല. വാഗ്ദാനങ്ങളുടെ പുകമറ മാറ്റി, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് പ്ലാസകളും ശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളും നടപ്പിലാക്കണമെന്ന ആവശ്യങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്.
What's Your Reaction?
