കാല്‍ നൂറ്റാണ്ട് നീണ്ട പരിശ്രമം: ചിന്നക്കനാല്‍ മുത്തമ്മ ഉന്നതിയില്‍ പട്ടയം നല്‍കി
കാല്‍ നൂറ്റാണ്ട് നീണ്ട പരിശ്രമം: ചിന്നക്കനാല്‍ മുത്തമ്മ ഉന്നതിയില്‍ പട്ടയം നല്‍കി
ഇടുക്കി: ചിന്നക്കനാലില്‍ മുത്തമ്മ ഉന്നതിയില്‍ കാല്‍ നൂറ്റാണ്ടിനുശേഷം ഭൂമിക്ക് പട്ടയമായി. ഉന്നതിയിലെ 236 കൈവശക്കാര്‍ക്ക് ഇനി സ്വന്തം മണ്ണില്‍ നിര്‍ഭയം ജീവിക്കാം. 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ചട്ടപ്രകാരമാണ് ഈ 236 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഉപാധിരഹിത പട്ടയം നല്‍കിയത്. ദേവികുളം എംഎല്‍എ എഫ് രാജ പട്ടയ വിതരണം ഉദ്ഘാടനം ചെയ്തു. അഞ്ച് പതിറ്റാണ്ട് മുമ്പ് ടാറ്റ കമ്പനിയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സര്‍വേ നമ്പര്‍ 121-ല്‍ ഉള്‍പ്പെട്ട 49 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഈ ചരിത്രപരമായ ഭൂവിതരണം നടന്നത്. ഇതില്‍ 30 ഏക്കറിലധികം ഭൂമിക്കാണ് ഇപ്പോള്‍ നിയമപരമായ പട്ടയം അനുവദിച്ചിരിക്കുന്നത്. രണ്ട് സെന്റ് മുതല്‍ 60 സെന്റ് വരെ കൈവശം വച്ചിരുന്ന സാധാരണക്കാരായ തൊഴിലാളികളും കര്‍ഷകരുമാണ് ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായി മാറിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം പരമാവധി ഒരു ഏക്കര്‍ ഭൂമി വരെയാണ് ഈ ചട്ടപ്രകാരം ഒരാള്‍ക്ക് നല്‍കാന്‍ സാധിക്കുക. വരുംകാല വികസന മുന്‍ഗണനകള്‍ കൂടി പരിഗണിച്ച് 5 ഏക്കറോളം ഭൂമി റോഡിനായി നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളുടെ ഈ വലിയ സ്വപ്നത്തിന് കാവലിരുന്ന ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ വി സന്തോഷ് കുമാര്‍, സി രഞ്ജിത്ത്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഗുല്‍സാരിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘത്തിന്റെ അശ്രാന്ത പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. ഇനി 12 ഏക്കറിലേറെ ഭൂമി മാത്രമാണ് ഇവിടെ അവശേഷിക്കുന്ന കൈവശക്കാര്‍ക്ക് പതിച്ച് നല്‍കാനുള്ളത്. ഇതിനായുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്. എന്തായാലും സ്വന്തം മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള ഈ ജനതയുടെ പോരാട്ടത്തിനാണ് ഇപ്പോള്‍ രേഖയിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
What's Your Reaction?
