മാങ്കുളത്ത് വീണ്ടും കാട്ടാനപ്പേടി: ശേവല്‍കുടിയില്‍ വീട് തകര്‍ത്തു    

മാങ്കുളത്ത് വീണ്ടും കാട്ടാനപ്പേടി: ശേവല്‍കുടിയില്‍ വീട് തകര്‍ത്തു    

Jun 11, 2026 - 17:24
 0
മാങ്കുളത്ത് വീണ്ടും കാട്ടാനപ്പേടി: ശേവല്‍കുടിയില്‍ വീട് തകര്‍ത്തു    
This is the title of the web page

ഇടുക്കി: ഒരു ഇടവേളയ്ക്കുശേഷം മാങ്കുളം പഞ്ചായത്തിലെ ശേവല്‍കുടിയില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഒരു വീട് പൂര്‍ണമായും തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. ആനപ്പേടി മൂലം രാത്രികാലങ്ങളില്‍ വീടുകള്‍ പൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. കോഴിയള, കവിതക്കാട് മേഖലകളില്‍നിന്നാണ് കാട്ടാനകള്‍ ശേവല്‍കുടിയിലേക്ക് ഇറങ്ങുന്നത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷിഭൂമിയാണ് ആനക്കൂട്ടം നിലംപരിശാക്കിയത്. കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളായ കൊക്കോ, തെങ്ങ്, കമുങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ ഒട്ടനവധി കൃഷിവിളകള്‍ കാട്ടാനകള്‍ വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിച്ചു. കാട്ടാനകള്‍ കൃഷിഭൂമിയിലിറങ്ങിയ വിവരം ഉടനടി അറിയിച്ചാലും വനംവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ താല്‍ക്കാലിക വാര്‍ഡന്‍മാരെയും മറ്റ് ജീവനക്കാരെയും സ്ഥലത്തേക്ക് അയക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. പടക്കം പൊട്ടിച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയാലും ഉദ്യോഗസ്ഥരും ആളുകളും പിന്തിരിയുന്നതോടെ ആനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി. കാട്ടാനകള്‍ നിരന്തരമായി ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ ശക്തമായ ഫെന്‍സിങ്ങും കിടങ്ങുകളും തീര്‍ത്താല്‍ കാട്ടാന ശല്യം പ്രതിരോധിക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് അടിയന്തരമായി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow