കുമളിയില്‍ നടപ്പാത കൈയേറ്റം ഒഴിപ്പിച്ചു: അനധികൃത തട്ടുകടകള്‍ പഞ്ചായത്ത് പൊളിച്ചുനീക്കി
കുമളിയില്‍ നടപ്പാത കൈയേറ്റം ഒഴിപ്പിച്ചു: അനധികൃത തട്ടുകടകള്‍ പഞ്ചായത്ത് പൊളിച്ചുനീക്കി
ഇടുക്കി: ദിണ്ടിഗല്‍-കൊട്ടാരക്കര ദേശീയപാതയോരത്ത് കുമളി ടൗണില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് പ്രവര്‍ത്തിച്ചിരുന്ന അനധികൃത തട്ടുകടകള്‍ പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കി. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തട്ടുകടകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ചിലര്‍ ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ കൈയേറ്റത്തിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
കോടതി വിധികള്‍ ലംഘിച്ച് കുമളി ടൗണില്‍ ഹോളിഡേ ഹോം മുതല്‍ കുളത്തുപാലം വരെ പാതയോരം കൈയേറിയാണ് നിരവധി തട്ടുകടകള്‍ സ്ഥാപിച്ചിരുന്നത്. പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും ഇവ മാറ്റാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വകക്ഷിയോഗം വിളിച്ചത്. ടൗണില്‍ ഓടകള്‍ മൂടി പല സ്ഥാപനങ്ങളും മാലിന്യം നിക്ഷേപിച്ചിരുന്നു. ഈ ഓടകള്‍ വൃത്തിയാക്കുന്ന നടപടികളും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. നടപ്പാത കൈയേറി പ്രവര്‍ത്തിച്ചിരുന്ന ഈ കടകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇതിനെതിരെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു. അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചതോടെ കുമളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിത സൗകര്യം ഒരുക്കാന്‍ കഴിയുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ റോബിന്‍ കാരക്കാട്ട്, ബിജു ഡാനിയേല്‍, സിറിള്‍ യോഹന്നാന്‍, സന്തോഷ് ഉമ്മന്‍, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?
