ജില്ലയില്‍ ഇറച്ചിക്കടകള്‍ 16മുതല്‍ തുറന്നു പ്രവര്‍ത്തിക്കും: ബീഫ് വില 480 രൂപ  

ജില്ലയില്‍ ഇറച്ചിക്കടകള്‍ 16മുതല്‍ തുറന്നു പ്രവര്‍ത്തിക്കും: ബീഫ് വില 480 രൂപ  

Jun 15, 2026 - 18:03
 0
ജില്ലയില്‍ ഇറച്ചിക്കടകള്‍ 16മുതല്‍ തുറന്നു പ്രവര്‍ത്തിക്കും: ബീഫ് വില 480 രൂപ  
This is the title of the web page

ഇടുക്കി: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ ഗുരുതര പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ അടഞ്ഞുകിടന്ന ഇറച്ചിക്കടകള്‍ 16 മുതല്‍ വീണ്ടും തുടര്‍ച്ചയായി തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്നും കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാന്‍ തീരുമാനിച്ചതായും  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 12 മുതല്‍ കന്നുകാലികളുടെ ലഭ്യത പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ പൂര്‍ണമായും മറ്റ് ജില്ലകളിലെ നിരവധി കടകള്‍ ഭാഗികമായും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലെയും ചില സംഘടനകളും പൊലീസും കന്നുകാലികളുമായി കേരളത്തിലേക്കെത്തുന്ന വാഹനങ്ങള്‍ തടയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതുമൂലം വളരെ പരിമിതമായ തോതില്‍ മാത്രമാണ് കേരളത്തിലേക്ക് കന്നുകാലികള്‍ എത്തുന്നത്. ഇറച്ചി വ്യാപാര മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായി ഇറച്ചിക്കടകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയില്‍ മാത്രം 250-ല്‍പ്പരം ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കടയിലും ശരാശരി അഞ്ച് ജീവനക്കാരെങ്കിലും ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കടകള്‍ അടഞ്ഞുകിടക്കുന്നത് കടയുടമകളും തൊഴിലാളികളും ഉള്‍പ്പെടെ ഏകദേശം 2,500 കുടുംബങ്ങളുടെ ഉപജീവനത്തെ പ്രതിസന്ധിയിലാക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.സംസ്ഥാനത്തെ മിക്ക ജില്ലകളിലും നിലവില്‍ കിലോയ്ക്ക് 500 മുതല്‍ 550 രൂപ വരെ മാംസത്തിന് ഈടാക്കുന്നുണ്ടെങ്കിലും ഇടുക്കിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് 480 രൂപ എന്ന ഏകീകൃത വില നിശ്ചയിച്ചതെന്ന്  വ്യാപാരികള്‍ പറഞ്ഞു. അതേസമയം അറവ് നിരോധിച്ച സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന വിലകുറഞ്ഞ ഇറച്ചി ജില്ലയില്‍ വ്യാപകമാകുന്നതായും ഇത്തരം അനധികൃത ഇറച്ചിയുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു. കന്നുകാലി ഗതാഗതത്തിന് നേരെയുള്ള തടസങ്ങള്‍ ശാശ്വതമായി പരിഹരിക്കാനും വ്യാപാരികളുടെ സുരക്ഷയും സ്വതന്ത്ര വ്യാപാരവും ഉറപ്പാക്കാനും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും അധികാരികളും അടിയന്തരമായി ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സലിം എം എ, യൂനസ് ഇബ്രാഹിം, കെ എം റോബിന്‍, മോബിന്‍ കുര്യന്‍, ടിബിന്‍ ഫ്രാന്‍സിസ്, റിയാസ് ഖാന്‍, രാജേഷ് തങ്കന്‍, അജി ദാനിയേല്‍, ജസ്റ്റിന്‍ തോമസ്, വീരന്‍ അബ്ദുള്ള, ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow