പാമ്പാടുംപാറയില്‍നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിട്ട് മൂന്ന് ദിവസം: അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ബന്ധുക്കള്‍
പാമ്പാടുംപാറയില്‍നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിട്ട് മൂന്ന് ദിവസം: അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ബന്ധുക്കള്‍
ഇടുക്കി: പാമ്പാടുംപാറ പത്തിനിപാറയില്‍നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. പത്തിനിപ്പാറ നിരപ്പില്‍ നീതു, മൂന്നു വയസുള്ള മകള്‍ ശിവാനി എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ കാണാതായത്. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്തുവരെ ഇവര്‍ എത്തിയിരുന്നതായും പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലന്നുമാണ് പൊലീസ് പറയുന്നത്. ശിവാനിയെ അങ്കണവാടിയില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്നാണ് നീതു വീട്ടില്‍ പറഞ്ഞത്. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയശേഷം നീതു മാതാവിനെ വിളിച്ചിരുന്നു. അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. രാത്രിയായതിനുശേഷം മടങ്ങി എത്താത്തതിനാല്‍ ബന്ധുക്കള്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. സഹോദരിയുടെ പരാതിയില്‍ ഇന്നലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലന്നാണ് ബന്ധുക്കള്‍ പറയുന്നത്. തമിഴ്‌നാട് സ്വദേശിയായ ഭര്‍ത്താവ് ശരവണനുമായി പിണങ്ങി ഒന്നര വര്‍ഷമായി നീതു കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സഹോദരിക്കും കുഞ്ഞിനും എന്ത് സംഭവിച്ചുവന്ന് അടിയന്തര അന്വേഷണം നടത്തി കണ്ടുപിടിക്കണമെന്നാണ് സഹോദരി നീനുവും ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് പൊതുപ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. ഇതേസമയം പൊലീസ് അന്വേഷണം ആരംഭിച്ചതായും സൈബര്‍ സെല്ലിന് ഫോണ്‍ രേഖകള്‍ അടക്കം കൈമാറിയതായും നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
What's Your Reaction?