പനിച്ച് വിറച്ച് ഇടുക്കി: 15 ദിവസത്തിനിടെ വൈറല്‍ പനി ബാധിതര്‍ 4506 പേര്‍
പനിച്ച് വിറച്ച് ഇടുക്കി: 15 ദിവസത്തിനിടെ വൈറല്‍ പനി ബാധിതര്‍ 4506 പേര്‍
ഇടുക്കി: മഴക്കാലമാരംഭിച്ചതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ മാസം ഇതുവരെ 4506 പേര്‍ക്കാണ് വൈറല്‍പനി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം 485പേര്‍ പനി ബാധിച്ച് ജില്ലയില്‍ ചികിത്സ തേടി. ജൂണില്‍ ഇതുവരെ 16 പേര്‍ക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്‍ഫ്‌ളുവന്‍സ എ വൈറസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. രണ്ട് പേര്‍ ചികിത്സയിലുണ്ട്. 691 പേര്‍ക്ക് വയറിളക്കം സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയെടുത്താല്‍ രോഗികളുടെ എണ്ണം ഇനിയും കൂടും. സര്‍ക്കാര്‍ ആശുപത്രികളെല്ലാം പനിബാധിതരാല്‍ നിറഞ്ഞുകഴിഞ്ഞു. ഭൂരിപക്ഷം സര്‍ക്കാര്‍ ആശുപത്രികളിലും രാവിലെ മുതല്‍ രോഗികളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. പരിശോധനയും മരുന്ന് വിതരണവും ലാബ് ടെസ്റ്റുമടക്കമുള്ള കാര്യങ്ങള്‍ കൂടിയാകുമ്പോള്‍ വയ്യാത്ത അവസ്ഥയിലും മണിക്കൂറുകളോളം വരിനിന്ന് മരുന്നും റിസള്‍ട്ടും വാങ്ങേണ്ട അവസ്ഥയാണ് പലര്‍ക്കും. സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്ന പനിബാധിതരുടെ എണ്ണം വലുതാണ്. രാത്രി കാലങ്ങളിലാണ് സ്വകാര്യ ആശുപത്രികളില്‍ പനിബാധിതര്‍ കൂടുതലും ചികിത്സതേടുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും രാത്രിസേവനം ലഭ്യമല്ലാത്തതും പ്രതിസന്ധിയാണ്. എങ്കിലും സായാഹ്ന ഒ.പിയുള്ള ആരോഗ്യകേന്ദ്രങ്ങള്‍ ഗ്രാമീണമേഖലയിലുള്ള പൊതുജനങ്ങള്‍ക്ക് ഒരുപരിധി വരെ ആശ്വാസമാണ്. മരുന്നിനും പരിശോധനകള്‍ക്കുമായി ദിവസവും അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ എത്തുന്നത് രോഗികള്‍ക്കൊപ്പം ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രതിസന്ധിയാണ്.
What's Your Reaction?