ജില്ലയില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി: ശാന്തന്‍പാറയില്‍ റോഡ് കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി  

ജില്ലയില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി: ശാന്തന്‍പാറയില്‍ റോഡ് കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി  

Jun 24, 2026 - 15:46
 0
ജില്ലയില്‍ കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി: ശാന്തന്‍പാറയില്‍ റോഡ് കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി  
This is the title of the web page

ഇടുക്കി: ജില്ലയില്‍ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും. ശാന്തന്‍പാറ പൂപ്പാറയിലും ചിന്നക്കനാല്‍ സൂര്യനെല്ലിയിലുമായി റോഡ് പുറമ്പോക്ക് കൈയേറി നിര്‍മിച്ച നിരവധി കച്ചവട സ്ഥാപനങ്ങളാണ് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കിയത്. ശാന്തന്‍പാറയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന കട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി. വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന സൂചന. പൊതുഭൂമിയും റോഡ് പുറമ്പോക്കുകളും തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ശാന്തന്‍പാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൂപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെ വ്യാപാര സ്ഥാപനം പൂര്‍ണമായും പൊളിച്ചുനീക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ കച്ചവടം നടത്തിവന്നിരുന്ന ഈശ്വരന്‍ എന്ന വ്യാപാരിയുടെ കടയാണ് അധികൃതര്‍ നിയമനടപടികളിലൂടെ പൊളിച്ചു മാറ്റിയത്. ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഈശ്വരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കൈയേറ്റ ഭൂമി ഒഴിപ്പിക്കാന്‍ കോടതിയും അനുമതി നല്‍കിയതോടെ പഞ്ചായത്ത് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. കേവലം ഒരു മണിക്കൂറിനുള്ളില്‍ കടയൊഴിയാന്‍ അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ഉപജീവനമാര്‍ഗം പെട്ടെന്ന് തടസപ്പെട്ടതോടെ താന്‍ പൂര്‍ണമായും വഴിയാധാരമായെന്നുമാണ് കടയുടമ ഈശ്വരന്‍ പറയുന്നത്. റോഡ് പുറമ്പോക്ക് കൈയേറി സ്ഥാപിച്ചിരുന്ന 7 പെട്ടിക്കടകളാണ് ചിന്നക്കനാല്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചത്. ഇതില്‍ ഒരു പെട്ടിക്കട അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തതോടെ തങ്ങളുടെ കടകളും പൊളിച്ചുനീക്കപ്പെടുമെന്ന ഭയത്താല്‍ ബാക്കി 6 കടകളുടെയും ഉടമകള്‍ അവ സ്വമേധയാ ഇവിടെനിന്നും മാറ്റാന്‍ തയ്യാറാവുകയായിരുന്നു. റോഡ് വികസനത്തിനും പൊതുജനയാത്രയ്ക്കും തടസമാകുന്ന രീതിയില്‍ പാതയോരങ്ങള്‍ കൈയേറി നടത്തുന്ന കച്ചവടങ്ങള്‍ക്കെതിരെ കര്‍ശന നിലപാടിലാണ് ജില്ലാ ഭരണകൂടം. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പുറമ്പോക്ക് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് റവന്യൂ-പഞ്ചായത്ത് വകുപ്പുകള്‍ നീങ്ങുമ്പോള്‍ വരും ദിവസങ്ങളിലും മലയോര മേഖലയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമാകാനാണ് സാധ്യത.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow