മാമലക്കണ്ടം പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കിയാല്‍ ടൂറിസം സാധ്യതകള്‍ ഇല്ലാതാകുമെന്ന് നാട്ടുകാര്‍
മാമലക്കണ്ടം പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കിയാല്‍ ടൂറിസം സാധ്യതകള്‍ ഇല്ലാതാകുമെന്ന് നാട്ടുകാര്‍
ഇടുക്കി: മാമലക്കണ്ടം പിണവൂര്‍ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. പദ്ധതി നടപ്പിലാക്കിയാല്‍ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ ഇല്ലാതാകുമെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പദ്ധതിയുടെ മറവില്‍ പാറ തുരന്ന് കരിങ്കല്ല് കടത്താനാണ് ലക്ഷ്യംവയ്ക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
പദ്ധതിയുടെ ഭാഗമായി ഉരുളിക്കുഴി മുതല്‍ ആനന്ദകുടി വരെ മൂന്നു മലകള്‍ തുരന്നാണ് വെള്ളം കൊണ്ട് പോകുന്നതിനായി ടണല്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് പ്രദേശത്ത് വലിയതോതിലുള്ള മണ്ണിടിച്ചിലും മനുഷ്യ വന്യജീവി സംഘര്‍ഷത്തിനും ഇടയാക്കും. ടണല്‍ കടന്നുപോകുന്നത് വനമേഖലയില്‍ കൂടിയാണ്.. ഇത് വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനും കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പാറ ഖനനം നടത്തുമ്പോള്‍ ആന അടക്കമുള്ള വന്യജീവികളുടെ സ്വര്യവിഹാരത്തിന് തടസമാകുകയും പ്രദേശത്ത് രൂക്ഷമായ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയ്യും. ഉരുളിക്കുഴി വെള്ളച്ചാട്ടം കാണാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വര്‍ഷത്തില്‍ അഞ്ചുമാസമാണ് ഉരുളിക്കുഴി തോട്ടില്‍ വെള്ളം ഉണ്ടാകുകയുള്ളു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ മറ്റൊരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. വെള്ളമില്ലാതെ വന്നതോടെ ഈ പദ്ധതി നിലച്ചുപോകുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതിക്ക് പെര്‍മിഷന്‍ നല്‍കിയിരുന്നത്. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കു എത്തിയപ്പോഴാണ് പ്രദേശവാസികള്‍ പദ്ധതിയുടെ വിവരങ്ങള്‍ അറിഞ്ഞത് . പദ്ധതി നടപ്പിലാക്കിയാല്‍ മാമലക്കണ്ടം മേഖലയില്‍ വലിയ തോതിലുള്ള പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധമുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
What's Your Reaction?