കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിനുള്ളില്‍ വെന്തുമരിച്ച സംഭവം: അന്വേഷണം പുരോഗമിക്കുന്നു: സമീപവാസിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പരിശോധനയ്ക്ക് അയച്ചു
കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിനുള്ളില്‍ വെന്തുമരിച്ച സംഭവം: അന്വേഷണം പുരോഗമിക്കുന്നു: സമീപവാസിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പരിശോധനയ്ക്ക് അയച്ചു

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. സമീപവാസിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. മെയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണസംഘം കരുതിയിരുന്നത്. എന്നാല്‍, തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്റെ പ്രഥമ റിപ്പോര്‍ട്ട്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു.
വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല. വീടിന് അഗ്‌നിബാധ ഉണ്ടായാല്‍ വീട്ടുകാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ കൊമ്പൊടിഞ്ഞാലില്‍ ഇളയകുട്ടിയുടെ ഒഴികെ മൂവരുടെയും മൃതദേഹം കിടപ്പുമുറികളിലാണ് കണ്ടെത്തിയത്. ഇവ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇളയകുട്ടിയുടെ മൃതദേഹം ലഭിച്ചത് അടുക്കള ഭാഗത്തുനിന്നാണ്.
അടുത്തകുന്നിന്‍ ചെരുവില്‍ തടിപ്പണി ചെയ്തിരുന്നവര്‍ രാത്രിയില്‍ സ്ഫോടന ശബ്ദം കേട്ടിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജിന്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം.
മരിച്ച ശോഭയുടേതടക്കം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. വാട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത ഉപകരണങ്ങള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കു കൈമാറിയിട്ടുണ്ട്. കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതാണോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരുന്നു.
What's Your Reaction?






