പട്ടയം ലഭിക്കാന്‍ കോടതിയെ സമീപിച്ച കര്‍ഷകന് തിരിച്ചടി
പട്ടയം ലഭിക്കാന്‍ കോടതിയെ സമീപിച്ച കര്‍ഷകന് തിരിച്ചടി

ഇടുക്കി: പട്ടയം ലഭിക്കാന്‍ കോടതിയെ സമീപിച്ച കര്‍ഷകന്റെ സ്ഥലം കോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കുന്നു. വാത്തികുടി പഞ്ചായത്തിലെ പെരുംതൊട്ടി ചന്ദനകവല സ്വദേശിയായ കുറ്റിക്കാട്ട് ബിജിമോന്റെ പുരയിടത്തിലാണ് സര്‍ക്കാര്‍ വക ഭൂമി അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹം എന്ന ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ കുടിയൊഴിയണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഷകഭൂമി പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും, സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ബിജിമോന്റെ സ്ഥലം സന്ദര്‍ശിച്ച അഡ്വ: ഡീന്‍ കുര്യാക്കോസ് പറഞ്ഞു.കര്‍ഷകരെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ട സര്‍ക്കാരും നിയമ വ്യവസ്ഥയും ഏകപക്ഷീയമായി കര്‍ഷകര്‍ക്കെതിരെ കടന്നുകയറ്റം നടത്തുന്നതിനു ഉദാഹരണമായി മാത്രമേ ഈ വിധിയെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരാളില്‍ നിന്നും ബിജിമോന്‍ വാങ്ങിയതാണ് ഈ നാലേക്കര്‍ ഭൂമി. നിറയെ സുഗന്ധ വ്യഞ്ജനങ്ങളും കാര്‍ഷിക ദേഹണ്ഡങ്ങളും കൃഷി ചെയ്തിരുന്നു. പശു ഫാമും, ആട്, കോഴി, പന്നിയും അടക്കം നൂറില്‍ പരം വളര്‍ത്തു മൃഗങ്ങളെയുംകൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കര്‍ഷക കുടുംബം.ഡീന്‍ കുര്യാക്കോസിനോടൊപ്പം കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, അഡ്വ: കെ വി സെല്‍വം എന്നിവരും സന്ദര്‍ശനത്തിലുണ്ടായിരുന്നു.
What's Your Reaction?






