കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളില്‍ 'റേഡിയോ കാഞ്ചിയാര്‍' പ്രക്ഷേപണം തുടങ്ങി
കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളില്‍ 'റേഡിയോ കാഞ്ചിയാര്‍' പ്രക്ഷേപണം തുടങ്ങി
ഇടുക്കി: വിദ്യാര്‍ഥികളുടെ ആശയവിനിമയശേഷിയും ഭാഷാപരിജ്ഞാനവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ 'റേഡിയോ കാഞ്ചിയാര്‍' എന്ന പേരില്‍ സ്‌കൂള്‍ റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു. ആകാശവാണി ദേവികുളം നിലയം റേഡിയോ അനൗണ്‍സറും ശാന്തന്‍പാറ ഗവ. കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അനില സി എസ് ഉദ്ഘാടനംചെയ്തു.
വിദ്യാര്‍ഥികളാണ് അവതാരകരും വാര്‍ത്താവായനക്കാരും. ആഴ്ചയിലൊരിക്കല്‍ ഉച്ചഭക്ഷണവേളയില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലൂടെ സ്‌കൂള്‍ വാര്‍ത്തകള്‍, പൊതുവാര്‍ത്തകള്‍, പൊതുവിജ്ഞാന വിവരങ്ങള്‍, പരിസ്ഥിതി-ആരോഗ്യ ബോധവല്‍ക്കരണ സന്ദേശങ്ങള്‍, ഗാനങ്ങള്‍, കവിതകള്‍, പ്രസംഗങ്ങള്‍, ചിന്തകള്‍, പുസ്തകപരിചയം, ക്വിസ്, അഭിമുഖങ്ങള്‍, ദിനാചരണ പ്രത്യേക പരിപാടികള്‍ എന്നിവ അവതരിപ്പിക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും മൈക്കിലൂടെ സ്വന്തം കഴിവുകള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ട്.
റേഡിയോയുടെ പ്രവര്‍ത്തനം, അവതരണത്തിന്റെ പ്രാധാന്യം, ശുദ്ധമായ ഉച്ചാരണം, ശബ്ദനിയന്ത്രണം, വാര്‍ത്ത തയാറാക്കുന്ന രീതി എന്നിവ ഡോ. അനില സി എസ് വിദ്യാര്‍ഥികളുമായി പങ്കുവച്ചു.
വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി അവതരണശേഷി മികവുറ്റതാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ പരിപാടികള്‍ പ്രക്ഷേപണംചെയ്യും. പിന്നീട് ഡിജിറ്റല്‍, സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ രക്ഷിതാക്കള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ആസ്വദിക്കാന്‍ കഴിയുംവിധം വിപുലീകരിക്കുമെന്ന് പ്രഥമാധ്യാപിക ലിന്‍സി ജോര്‍ജ് പറഞ്ഞു.
പിടിഎ പ്രസിഡന്റ് ജില്‍ബിന്‍ ജോര്‍ജ്, അധ്യാപകരായ ജിയോ സെബാസ്റ്റ്യന്‍, ലിബിയ ജെയിംസ്, വിഷ്ണു ഗോപാലന്‍, അമലു മാത്യു, അനുഷ ഷാജി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ വി എസ് ആദിത്യന്‍, നിള രതീഷ്, അനിരുദ്ധ് അനിഷ്, പി എ റിഥുല്‍ദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?