തോട്ടങ്ങള്‍ തസ്‌കരസംഘങ്ങളുടെ നിരീക്ഷണത്തില്‍: തടിയമ്പാട്, ഭൂമിയാംകുളം, മഞ്ഞപ്പാറ മേഖലകളില്‍ പച്ചഏലക്ക മോഷണം വ്യാപകം
തോട്ടങ്ങള്‍ തസ്‌കരസംഘങ്ങളുടെ നിരീക്ഷണത്തില്‍: തടിയമ്പാട്, ഭൂമിയാംകുളം, മഞ്ഞപ്പാറ മേഖലകളില്‍ പച്ചഏലക്ക മോഷണം വ്യാപകം
ഇടുക്കി: ഏലക്കാവില ഉയര്‍ന്നതോടെ തോട്ടങ്ങളില്‍ കണ്ണെറിഞ്ഞ് തസ്‌കരസംഘം. പാട്ടക്കൃഷിഭൂമിയില്‍നിന്നും ഉടമകള്‍ സ്ഥലത്തില്ലാത്ത തോട്ടങ്ങളില്‍നിന്നുമായി ഒരാഴ്ചയ്ക്കിടെ വന്‍തോതില്‍ പച്ചഏലക്ക മോഷ്ടിച്ചുകടത്തി. തടിയമ്പാട്, ഭൂമിയാംകുളം, മഞ്ഞപ്പാറ മേഖലകളില്‍നിന്നായി ലക്ഷങ്ങളുടെ ഏലക്കയാണ് കഴിഞ്ഞദിവസം മോഷണംപോയത്. തിരുവനന്തപുരത്ത് താമസിക്കുന്ന മണിയാറന്‍കുടി തൊട്ടിയില്‍ ജീനാമോളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാങ്കുളത്തെ തോട്ടത്തില്‍നിന്ന് 150 കിലോ ഏലക്ക കാണാതായി. അവധിക്ക് നാട്ടിലെത്തി കൃഷിയിടം സന്ദര്‍ശിക്കുമ്പോഴാണ് വിളവെടുപ്പിന് പാകമായ ഏലക്ക വ്യാപകമായി ചെടികളില്‍നിന്ന് മോഷ്ടിച്ചതായി അറിയുന്നത് മഞ്ഞപ്പാറ പുല്ലുമലയില്‍ സതീഷിന്റെ പുരയിടത്തില്‍നിന്ന് 100 കിലോയിലേറെ ഏലക്കയും കഴിഞ്ഞദിവസം കാണാതായി.
തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് ആസൂത്രിതമായാണ് മോഷണം. ഉടമ കൃഷിയിടത്തില്‍ വരാത്ത ദിവസങ്ങള്‍ മനസിലാക്കി പകല്‍സമയങ്ങളിലാണ് കവര്‍ച്ച. അയല്‍വാസികളെയും മറ്റുള്ളവരെയും കബളിപ്പിച്ച് തൊഴിലാളികളാണെന്ന വ്യാജേനയാണ് ഇവര്‍ തോട്ടങ്ങളിലെത്തുന്നത്. ഏലച്ചെടിയുടെ ശരം മുറിച്ചെടുക്കാതെ മൂപ്പെത്തിയ കായകള്‍ മാത്രം വിളവെടുത്ത് കടത്തുകയാണ്.
ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മേഖലകളിലെ പല തോട്ടങ്ങളിലും മോഷണം നടന്നിരുന്നു. കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പൊലീസിന്റെ മെല്ലെപ്പോക്കാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.
What's Your Reaction?