ഇരട്ടയാറിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ചുവരുകള്‍ പറയും ''ലഹരി വേണ്ട'': ചുവര്‍ചിത്രങ്ങള്‍ വരച്ച് സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ഇരട്ടയാറിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ചുവരുകള്‍ പറയും ''ലഹരി വേണ്ട'': ചുവര്‍ചിത്രങ്ങള്‍ വരച്ച് സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി : ലഹരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ലഹരി ഉല്‍പ്പന്നങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് ജീവിതം ലഹരിയാക്കാന്‍ ഉദ്‌ബോധിപ്പിക്കുന്ന ചുവര്‍ചിത്രങ്ങളിലൂടെ ഇത്തവണ ബേധവല്‍ക്കരണം. ഇരട്ടയാര്‍ സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഇവരുടെ ചിത്രങ്ങളാല്‍ സമ്പന്നമാണ്. ലഹരിയുടെ അപകടങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ജീവിതത്തില്‍ കണ്ടെത്തേണ്ട നന്മയുടെ ലഹരിയെ ആവിഷ്‌കരിക്കുന്നതാണ് ചുവര്‍ ചിത്രങ്ങള്‍. പ്രിന്‍സിപ്പല്‍ ഡോ. റെജി ജോസഫ് ഊരാശാലയുടെ നേതൃത്വത്തില്‍ ഒഴിവുദിനങ്ങളിലാണ് ചിത്രരചന നടത്തിയത്. ഇരട്ടയാര്‍ പഞ്ചായത്തും എക്‌സൈസ് വകുപ്പും കുട്ടികള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.
വര പൂര്‍ത്തിയാക്കിയ ശേഷം ബസ് സ്റ്റാന്‍ഡില്‍ നടന്ന യോഗത്തില്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി കുട്ടികളെ അഭിനന്ദിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജിന്‍സന്‍ വര്‍ക്കി, തങ്കമണി എസ്എച്ച്ഒ കെ എം സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ലിജോ ഉമ്മന്‍, പ്രിവന്റീവ് ഓഫീസര്‍ ശശീന്ദ്രന്‍, വനിത സിഇഒ എസ് മായ, പ്രഥമാധ്യാപകന്‍ എം വി ജോര്‍ജ്കുട്ടി, പഞ്ചായത്ത് സെക്രട്ടറി ശിവദാസ്, പിടിഎ പ്രസിഡന്റ് ബിജു അറക്കല്‍, അധ്യാപകരായ ഉഷസ് പുളിമൂട്ടില്‍, മനേഷ് വെളിഞ്ഞാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍, അമിതമായതെന്തും ലഹരി, പഴയതലമുറയുടെ പ്രതീകങ്ങള്‍ തുടങ്ങി നിരവധി പ്രതീകങ്ങള്‍ കുട്ടികളുടെ ചുവര്‍ചിത്രത്തില്‍ കാണാം. കുട്ടികളുടെ പ്രിയപ്പെട്ട അനിം, കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ് ഏറെയും.
പ്രിന്‍സിപ്പല്‍ ഡോ. റെജി ജോസഫ് ഊരാശാല ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. ആശംസകളുമായെത്തിയവര്‍, അധ്യാപകര്‍, മറ്റ് വിദ്യാര്‍ഥികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍, യാത്രക്കാര്‍ എന്നിവര്‍ ചായക്കൂട്ടുകളില്‍ കൈമുക്കി ഭിത്തിയില്‍ പതിപ്പിച്ച് ബോധവല്‍ക്കരണത്തില്‍ പങ്കാളികളായി.
What's Your Reaction?






