ആനക്കുളത്ത് അച്ഛന്‍ മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആനക്കുളത്ത് അച്ഛന്‍ മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് മാങ്കുളം ആനക്കുളത്ത് അച്ഛന്‍ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനക്കുളം ഉടുമ്പക്കല്‍ ജസ്റ്റിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പിതാവ് ജോയി വിഷം കഴിക്കുകയും, അവശനിലയിലായതിനെ തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ട ജസ്റ്റിന്‍ സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ബുധനാഴ്ച രാവിലെയും വീട്ടില്‍ സമാനമായ രീതിയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ജസ്റ്റിന്‍ പിതാവ് ജോയിയെ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോപാകുലനായ പിതാവ് ജോയി കമ്പിവടിയെടുത്ത് ജസ്റ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകം നടക്കുന്ന സമയത്ത് ജസ്റ്റിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാങ്കുളം എയ്ഡ് പോസ്റ്റില്‍നിന്നുള്ള പൊലീസ് സംഘമാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പൊലീസെത്തുമ്പോള്‍ അവശനിലയിലായിരുന്ന ജോയി വിഷം കഴിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് ഉടന്‍തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?