ഇഎസ്എ: രേഖകള്‍ ഉള്‍പ്പെടെ കേന്ദ്രത്തിന് പുതിയ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍
ഇഎസ്എ: രേഖകള്‍ ഉള്‍പ്പെടെ കേന്ദ്രത്തിന് പുതിയ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍
ഇടുക്കി: ഇഎസ്എ വിഷയത്തില്‍ മുന്‍ സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയ സാഹചര്യത്തില്‍ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കി സിഎച്ച്ആര്‍ പ്രദേശത്തെ പൂര്‍ണമായും ഒഴിവാക്കിയുള്ള നിര്‍ദേശം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍. രേഖകള്‍ ഉള്‍പ്പെടുത്തി മെമ്മോറാണ്ടം തയാറാക്കി മുഖ്യമന്ത്രി, വനംവകുപ്പ്, പരിസ്ഥിതി മന്ത്രിമാര്‍, എംപി, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കാനുള്ള പുതിയ ഡ്രാഫ്റ്റ് തയാറാക്കുകയാണെന്നും ഇതില്‍ സിഎച്ച്ആര്‍ ഒഴിവാക്കാനും വിവിധ പ്രശേങ്ങളിലായി പരിസ്ഥിതി ലോല മേഖല ചിതറിക്കിടക്കുന്ന രീതി ഒഴിവാക്കാനും ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെ യഥാസമയം സമര്‍പ്പിക്കുമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ നിര്‍ദേശം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരടുവിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.
ജൂലൈ 27ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനത്തിലും കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശം 123 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിക്കുന്നത്. മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. മൂന്നാറിനും കുമളിക്കും ഇടയിലുള്ള കാര്‍ഡമം ഹില്‍സിലെ വിവിധ വില്ലേജുകള്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, മതികെട്ടാന്‍ചോല, പാമ്പാടുംചോല, കുറിഞ്ഞിമല തുടങ്ങിയ സംരക്ഷിത മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഉതകുന്ന വില്ലേജുകളെ ഇഎസ്എയില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്‍ ചീഫ് സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഉമ്മന്‍ വി ഉമ്മന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 9,107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശത്തിന്റെ പരിധിയില്‍ കാര്‍ഡമം ഹില്‍സിലെ 856 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഏലംകൃഷി ചെയ്യുന്ന പ്രദേശവും ഉള്‍പ്പെട്ടിട്ടതായുള്ള വിവരവും ആശങ്കയ്ക്കിടയാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുടെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കര്‍ഷകരുടെയും തോട്ടംമേഖലയുടെയും ജനവാസ മേഖലകളുടെയും ന്യായമായ താല്‍പര്യം സംരക്ഷിച്ച് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പാക്കിയുള്ള ഉചിത തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റെനി പോത്തന്‍, പി ആര്‍ സന്തോഷ്, എന്‍ പൃഥ്വിരാജ്, എസ് ജീവാനന്ദന്‍, ദിപിന്‍ പൊന്നപ്പന്‍, ബിജു സക്കറിയ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?