മൂന്നാര്‍ ഗവ. കോളേജ് കെട്ടിടത്തിലെ ഫര്‍ണിച്ചറുകള്‍ നശിക്കുന്നു
മൂന്നാര്‍ ഗവ. കോളേജ് കെട്ടിടത്തിലെ ഫര്‍ണിച്ചറുകള്‍ നശിക്കുന്നു

ഇടുക്കി: മൂന്നാര്‍ ഗവ. കോളേജ് കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും സംരക്ഷിക്കപ്പെടാതെ നശിക്കുന്നു. 2018ലെ പ്രളയ ശേഷമാണ് മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പ്രവര്‍ത്തിച്ച് വന്നിരുന്ന കോളേജ് മൂന്നാറില്‍ തന്നെ ക്രമീകരിച്ച മറ്റൊരിടത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപമുണ്ടായിരുന്ന കെട്ടിടങ്ങള്‍ അടച്ച് പൂട്ടപ്പെട്ടു. ഈ കെട്ടിടങ്ങള്‍ക്കുള്ളിലാണ് പരിപാലനമില്ലാതെ മേശകളും കസേരകളും അടക്കമുള്ള ഫര്‍ണീച്ചറുകളും മറ്റുപകരണങ്ങളും കിടക്കുന്നത്. കുറെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ ഈ ഉപകരണങ്ങള്‍ നശിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് വാദം. കെട്ടിടം അടച്ച് പൂട്ടപ്പെട്ടതോടെ ആരും ഇവിടേക്ക് വരാതായി. ചെറുമരങ്ങളും മറ്റും വളര്‍ന്ന് കോളേജ് കെട്ടിടമുള്ള ഭാഗം വനസമാനമായി മാറിയിട്ടുണ്ട്. അടച്ച് പൂട്ടിയിട്ടിട്ടുള്ള കെട്ടിടങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ മോഷണം പോയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും ആവശ്യമുയരുന്നു. കോളേജിന് സ്വന്തമായി കെട്ടിടമില്ലാതായിട്ട് വര്‍ഷങ്ങളായെങ്കിലും പുതിയകെട്ടിടമിതുവരെ യാഥാര്‍ഥ്യമായിട്ടില്ല. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പുതിയ കെട്ടിടം യാഥാര്‍ഥ്യമായാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫര്‍ണിച്ചറുകളാണ് പരിപാലനമില്ലാതെ നശിക്കുന്നത്.
What's Your Reaction?






