ഡിവൈഎഫ്‌ഐ കട്ടപ്പന താലൂക്ക് ആശുപത്രി മാര്‍ച്ചും ധര്‍ണയും 22ന്
ഡിവൈഎഫ്‌ഐ കട്ടപ്പന താലൂക്ക് ആശുപത്രി മാര്‍ച്ചും ധര്‍ണയും 22ന്
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാക്കിയ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കട്ടപ്പന നഗരസഭയുടെയും അനാസ്ഥക്കെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തും. 22ന് രാവിലെ 11ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് നടക്കുന്ന സമരം ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്യും. ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, പ്രസിഡന്റ് എം ശിവകുമാര്‍, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരുമാസത്തിലേറെയായി. സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 15 ഡോക്ടര്‍മാര്‍ വേണ്ടിടത്ത്, നിലവില്‍ ഏഴുപേര്‍ മാത്രമാണുള്ളത്. നിലവിലുള്ള സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപിയിലും അത്യാഹിത വിഭാഗത്തിലുമായി ജോലി ചെയ്യുകയാണ്. അമിതജോലി ഭാരത്താല്‍ ഡോക്ടര്‍മാരും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ശുചീകരണ വിഭാഗങ്ങളില്‍ ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. തൊഴിലാളികള്‍, ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ തുടങ്ങി പ്രതിദിനം 500ലേറെ രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. രണ്ട് വാര്‍ഡുകളിലായി 70 കിടക്കകളുണ്ടെങ്കിലും കിടത്തിച്ചികിത്സയില്ല. അടിയന്തരചികിത്സ നിര്‍ദേശിച്ചിട്ടുള്ളവരെ മാത്രമേ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പകല്‍സമയങ്ങളില്‍ ലഭിക്കുന്നില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നടന്നിരുന്ന, മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്ന ആശുപത്രിയാണിത്. 2023ല്‍ വിവിധ വിഭാഗങ്ങളിലായി 1500ലേറെ ശസ്ത്രക്രിയകളാണ് നടത്തിയത്. എന്നാല്‍, നിലവില്‍ ശസ്ത്രക്രിയയുള്ളത് ഓര്‍ത്തോ വിഭാഗത്തില്‍ മാത്രമാണ്. പോസ്റ്റ്‌മോര്‍ട്ടം നിലച്ചിട്ട് മാസങ്ങളായി. ജില്ലയില്‍ ഫോറന്‍സിക് സര്‍ജന്‍ സേവനമനുഷ്ഠിക്കുന്നത് മെഡിക്കല്‍ കോളേജിലും താലൂക്ക് ആശുപത്രിയിലും മാത്രമായിരുന്നു. നിലവില്‍ ഫോറന്‍സിക് സര്‍ജന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ, ഐസിയു ആംബുലന്‍സിന്റെ സേവനവും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ആശുപത്രിയിലെ ലാബില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ടെസ്റ്റുകള്‍ സൗജന്യമായിരിക്കെ, ആളുകളില്‍നിന്ന് പണം ഈടാക്കുന്നതായും ആക്ഷേപമുണ്ട്. യഥാസമയം ആശുപത്രിയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നഗരസഭയും വീഴ്ച വരുത്തുന്നു. ആശുപത്രി വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും തയാറാകുന്നില്ല. ഹൈറേഞ്ചിലെ മികച്ച ആതുരാലയമായ താലൂക്ക് ആശുപത്രിയെ സ്വകാര്യ ലോബിക്കുവേണ്ടി തകര്‍ക്കാനുള്ള നീക്കമാണോയെന്നും സംശയിക്കുന്നതായും നേതാക്കൾ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ നിയാസ് അബു, എം ശിവകുമാര്‍, ശരത് ലാല്‍ സോജൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?