ഏലം കുത്തകപ്പാട്ട ഭൂമിയുടെ കാലാവധിയും ഫീസും പുനഃക്രമീകരിക്കല്‍: തീരുമാനം പിന്‍വലിക്കണമെന്ന് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍
ഏലം കുത്തകപ്പാട്ട ഭൂമിയുടെ കാലാവധിയും ഫീസും പുനഃക്രമീകരിക്കല്‍: തീരുമാനം പിന്‍വലിക്കണമെന്ന് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍
ഇടുക്കി: ഏലം കുത്തകപ്പാട്ട ഭൂമിയുടെ കാലാവധിയും ഫീസുകളും പുനഃക്രമീകരിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍. നിലവിലുള്ള 20 വര്‍ഷത്തെ കുത്തകപ്പാട്ട കാലാവധി 5 വര്‍ഷമായി കുറയ്ക്കാനാണ് ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദേശം. വെള്ളിയാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
1961-ലെ കുത്തകപ്പാട്ട നിയമപ്രകാരം ഏലംകൃഷിക്ക് നല്‍കിവരുന്ന 20 വര്‍ഷത്തെ കുത്തകപ്പാട്ട കാലാവധി 5 വര്‍ഷമായി ചുരുക്കാനുള്ള നീക്കം കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വര്‍ഷങ്ങളുടെ അധ്വാനവും നിക്ഷേപവും ആവശ്യമായ ഏലംകൃഷിയില്‍ അഞ്ച് വര്‍ഷത്തെ മാത്രം കാലാവധി നല്‍കിയാല്‍ കര്‍ഷകര്‍ക്ക് നിക്ഷേപ സുരക്ഷ ഉറപ്പാക്കാനാകില്ല. ഭൂമിയൊരുക്കല്‍, തണല്‍മര പരിപാലനം, ജലസേചനം, വളം-കീടനാശിനി പ്രയോഗം, കീടനിയന്ത്രണം എന്നിവയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം വെല്ലുവിളിയാണ്. ഒരേക്കറില്‍നിന്ന് 500 കിലോ ഏലക്ക ഉല്‍പാദിപ്പിക്കാനാകുമെന്ന തെറ്റായ കണക്ക് കാട്ടിയാണ് പാട്ടവും ഫീസുകളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഏക്കറില്‍ ശരാശരി 205 കിലോ മാത്രമാണ് ഉല്‍പ്പാദനം. ചെലവുകളോ നഷ്ടങ്ങളോ കണക്കിലെടുക്കാതെ, ഉല്‍പ്പാദനം പെരുപ്പിച്ചുകാട്ടുന്നത് അംഗീകരിക്കാനാകില്ല. ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ ആശ്രയകേന്ദ്രമായ കുമളി കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചിത്ര കൃഷ്ണന്‍കുട്ടി നായര്‍, പി സി മാത്യു, അനൂപ് ജോണ്‍, എസ്ടിബി മോഹന്‍ദാസ്, ടോമി തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?