കമ്പത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: 2 പേർ അറസ്റ്റിൽ
കമ്പത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: 2 പേർ അറസ്റ്റിൽ
ഇടുക്കി: തമിഴ്നാട് കമ്പത്ത് സ്വകാര്യ തിയേറ്ററിന് സമീപം വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് തേനി അണ്ണാപുരം സ്വദേശി പ്രഭു (32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്, ഗിരി എന്നിവരെ കമ്പം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കമ്പത്തെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രഭു.കഴിഞ്ഞ ദിവസം രാത്രി ഭാര്യയ്ക്കും സഹപ്രവർത്തകർക്കുമൊപ്പം സിനിമ കാണാനായി തിയേറ്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഊത്തുക്കാട് ജങ്ഷന് സമീപം പ്രഭുവിന്റെ ഇരുചക്രവാഹനത്തിൽ മറ്റൊരുവാഹനം നേരിയ തോതിൽ ഉരസിയതിനെത്തുടർന്ന് തർക്കമുണ്ടായി. തുടർന്ന് തിയേറ്ററിലെത്തി ഭാര്യയെ ഇറക്കിയശേഷം വാഹനം പാർക്ക് ചെയ്യാൻ പോയ പ്രഭുവിനെ പ്രതികൾ പിന്തുടർന്നെത്തി വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെ വാക്കുതർക്കം രൂക്ഷമായതോടെ പ്രതികൾ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പ്രഭുവിനെ നിരവധി തവണ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ കമ്പം നോർത്ത് പൊലീസ് ഇടപെട്ട് ആദ്യം കമ്പം സർക്കാർ ആശുപത്രിയിലും പിന്നീട് തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പ്രഭു മരിച്ചു. ഒളിവിലുള്ള മൂന്നാം പ്രതി മുത്തുപ്പാണ്ടിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?