റോഷി അഗസ്റ്റിന്‍ അനുവദിച്ച ഫണ്ട് റോയി കെ പൗലോസ് എംഎല്‍എ വകമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്
റോഷി അഗസ്റ്റിന്‍ അനുവദിച്ച ഫണ്ട് റോയി കെ പൗലോസ് എംഎല്‍എ വകമാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്
ഇടുക്കി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച വികസന ഫണ്ടുകള്‍ രാഷ്ട്രീയ പ്രേരിതമായി റോയി കെ പൗലോസ് എംഎല്‍എ വകമാറ്റിയെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് റോഷി അഗസ്റ്റിന്‍ നാട്ടിലെമ്പാടും മാനദണ്ഡങ്ങള്‍ പാലിക്കാതെ പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. ചിലത് പ്രഖ്യാപനങ്ങള്‍ മാത്രവും മറ്റുചിലത് മതിയായ ഫീസിബിലിറ്റി ഇല്ലാത്ത പ്രവര്‍ത്തികള്‍ക്കുമാണ് ഫണ്ട് അനുവദിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും, പല പദ്ധതികളും പ്രാദേശിക നേതാക്കള്‍ കൈക്കൂലി വാങ്ങി ശുപാര്‍ശ ചെയ്ത അശാസ്ത്രീയമായ പദ്ധതികള്‍ക്കാണ് മുന്‍ എംഎല്‍എ പണം അനുവദിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ തകരപ്പള്ളിപ്പടി- നടുപ്പറമ്പില്‍പടി റോഡ് നിര്‍മാണത്തിനാണ് 15 ലക്ഷം രൂപ അനുവദിച്ചിരുന്നത്. പ്രസ്തുത റോഡ് നിലവില്‍, വീടുള്ള ഒരാളിനും, വീടിന് സ്ഥലം വാങ്ങിയിട്ടുള്ള മറ്റു രണ്ടുപേര്‍ക്കും മാത്രമാണ് പ്രയോജനപ്പെടുന്നത്. അത് അശാസ്ത്രീയവും വ്യക്തിതാല്‍പര്യത്തിന് മുന്‍ഗണന നല്‍കിയും മാത്രമാണ് അനുവദിച്ചതെന്ന് ബോധ്യപ്പെട്ടതിനാലാണ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരവും ആവശ്യവുമായ മുസ്ലീംപള്ളിക്കവല- വാസുപ്പാറ റോഡിന് മാറ്റിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഐഎഫ്ജിഐ ചര്‍ച്ച് റോഡിന് സൈഡ് കെട്ട് എന്ന പേരില്‍ 20 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ അവിടുത്തെ റോഡിന് കേവലം മൂന്ന് മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. ഈ ഫണ്ട് വിനിയോഗിക്കുന്നതിലേക്ക് ആവശ്യമായ സ്ഥലവും അവിടെ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് തടിയമ്പാട്-ഭൂമിയാംകുളം പിഎംജിഎസ്‌വൈ റോഡില്‍നിന്ന് പൈനാവ്-അശോക കവല സ്റ്റേറ്റ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുളവനള്ള്- കൊക്കരക്കുളം റോഡിലേക്ക് പ്രസ്തുത തുക മാറ്റിയത്. മരിയാപുരം പഞ്ചായത്തിലെ ആലാംമ്പുഴ-പ്രിയദര്‍ശിനി റോഡിന് അനുവദിച്ച 35 ലക്ഷം രൂപ പ്രസ്തുത റോഡിലൂടെ വാഹന ഗതാഗതം സാധ്യമല്ലാത്തതുകൊണ്ടാണ് പകരം കുഴിവേലിപ്പടി- പ്രിയദര്‍ശിനി റോഡിന് മാറ്റിയിട്ടുള്ളതെന്നും പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി മാറുമെന്നും മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് ചര്‍ച്ച്- തകരമേട് -പള്ളിപ്പടി ഇടശേരിക്കുന്നേല്‍ പടി റോഡിന്റെ തുക വകമാറ്റി എന്നത് അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാസ്തവവിരുദ്ധ കാര്യങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തിയവര്‍ ഇടുക്കിയിലെ ലേസര്‍ ഷോയും ചെറുതോണിയിലെ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സും എവിടെ വരെയായെന്ന് വിശദീകരിക്കാന്‍ തയാറാകണമെന്നും നതാക്കളായ സി പി സലിം, ജോബി തൈയ്യില്‍, ആന്‍സി തോമസ്, ജിപ്‌സി ജോയി, സിബി തകരപ്പള്ളി, സെലിന്‍ വിന്‍സന്റ്, റിന്‍സി സിബി എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?