ജില്ലാ വിമന്‍സ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി: മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
ജില്ലാ വിമന്‍സ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി: മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
ഇടുക്കി: ജില്ലാ വിമന്‍സ് കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി സമ്മേളനം പൈനാവ് ഗിരിറാണി ഹോസ്റ്റലില്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അരനൂറ്റാണ്ടായി സമൂഹത്തില്‍ മികച്ച മാതൃക തീര്‍ക്കുകയാണ് കൗണ്‍സിലെന്ന് മന്ത്രി പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് ഇരയായ നിരവധി സ്ത്രീകള്‍ക്ക് പുതുജീവിതം നല്‍കാനും നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കൗണ്‍സിലിന്റെ സഹായത്തോടെ പഠിച്ച പല കുട്ടികളും ഇന്ന് സര്‍ക്കാര്‍ സര്‍വീസിലടക്കം ഉന്നത സ്ഥാനങ്ങളിലെത്തി. കൂടാതെ, നിരവധി പേര്‍ക്ക് വീട് വച്ചുനല്‍കാനും മുപ്പതോളം യുവതികളുടെ വിവാഹം ഭംഗിയായി നടത്താനും കൗണ്‍സിലിന് സാധിച്ചു. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. തൊടുപുഴ യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി റോയി കെ പൗലോസ് എംഎല്‍എ പ്രകാശനം ചെയ്തു. കൗണ്‍സിലിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാമിനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി. ശ്രീകല അധ്യക്ഷയായി. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണവും ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണവും നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സില്‍ ഭാരവാഹികളായ റിന്‍സി ജോസ്, ശാന്റി ബാബു, ജോസി മാക്‌സിന്‍, ആന്‍സമ്മ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?