ചിന്നക്കനാല്‍ 301 നഗറില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ രണ്ട് മാസത്തിനകം താമസം ആരംഭിക്കണം: കലക്ടര്‍ ഡോ. എച്ച് ദിനേശന്‍ 

ചിന്നക്കനാല്‍ 301 നഗറില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ രണ്ട് മാസത്തിനകം താമസം ആരംഭിക്കണം: കലക്ടര്‍ ഡോ. എച്ച് ദിനേശന്‍ 

Nov 13, 2026 - 17:36
 0
ചിന്നക്കനാല്‍ 301 നഗറില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ രണ്ട് മാസത്തിനകം താമസം ആരംഭിക്കണം: കലക്ടര്‍ ഡോ. എച്ച് ദിനേശന്‍ 
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ 301 നഗറില്‍ ഭൂമി അനുവദിക്കപ്പെട്ട മുഴുവന്‍ കുടുംബങ്ങളും രണ്ട് മാസത്തിനുള്ളില്‍ താമസം ആരംഭിക്കണമെന്ന് ജില്ലാ ഭരണകൂടം. ഭൂമി ലഭിച്ചിട്ടും കൃഷിയിറക്കുകയോ താമസം ആരംഭിക്കുകയോ ചെയ്യാത്ത കുടുംബങ്ങള്‍ ഈ സമയത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ പട്ടയം റദ്ദാക്കുന്നത് പരിഗണിക്കുമെന്ന് കലക്ടര്‍ ഡോ. എച്ച് ദിനേശന്‍ അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന ഭൂമി അര്‍ഹരായ മറ്റ് കുടുംബങ്ങള്‍ക്ക് കൈമാറുന്നതിനും ഉടന്‍ തീരുമാനമുണ്ടാകും.
ഭൂമിയുടെ അവകാശം ലഭിച്ചിട്ടും സുരക്ഷിതമായി താമസിക്കാനോ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്താനോ കഴിയാത്ത നിരവധി കുടുംബങ്ങളുണ്ട്. വന്യമൃഗശല്യം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പട്ടയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി എന്നിവയ്ക്ക് പരിഹാരം കാണാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതാണ് മറ്റൊരുപ്രധാന പ്രഖ്യാപനം. നഗറിന്റെ 18 കിലോമീറ്റര്‍ ചുറ്റളവില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരു മാസത്തിനകം തയാറാക്കും. വന്യമൃഗങ്ങളുടെ ഭീഷണി കാരണം ഭൂമിയില്‍ കൃഷിയിറക്കാനും താമസിക്കാനും കഴിയാത്ത കുടുംബങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. വന്യമൃഗശല്യം പരിഹരിക്കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് കൂട്ടമായി വീടുകള്‍ നിര്‍മിക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. ഇതിനായി പൊതുആവശ്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഭൂമി പ്രയോജനപ്പെടുത്തും. റോഡ്, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുആവശ്യത്തിനായി നീക്കിവച്ചിരിക്കുന്ന ഭൂമിയില്‍ നഴ്‌സറി, കമ്മ്യൂണിറ്റി ഹാള്‍, പ്രൈമറി സ്‌കൂള്‍ എന്നിവ സ്ഥാപിക്കുന്നതും പരിഗണിക്കും. ഇതോടെ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക കൂട്ടായ്മകള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ. പട്ടയവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നത്തിനും പരിഹാരനടപടി പ്രഖ്യാപിച്ചിട്ടുണ്ട്. കരം അടവ് തടസപ്പെട്ടിരിക്കുന്ന ഭൂമിയില്‍ കരം സ്വീകരിക്കുന്നത് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. പട്ടയം ലഭിച്ചിട്ടും യഥാര്‍ഥത്തില്‍ ഭൂമി ലഭിക്കാത്ത കുടുംബങ്ങളുടെ പരാതികളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. കുടുംബങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രാഥമിക സഹകരണ സംഘം രൂപീകരിക്കാനും തീരുമാനമുണ്ട്. ഓരോ കുടുംബത്തില്‍നിന്നും ഒരംഗത്തെ ഉള്‍പ്പെടുത്തി സംഘം രൂപീകരിക്കുന്നതിലൂടെ കാര്‍ഷികോല്‍പന്നങ്ങളുടെ ശേഖരണവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
സുരക്ഷിതമായ താമസവും കൃഷിക്കുള്ള സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാകുമ്പോഴാണ് ഭൂമിയുടെ അവകാശം യഥാര്‍ഥ ജീവിതാവകാശമായി മാറുന്നത്. 
ചിന്നക്കനാല്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow