ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍: കിണറ്റില്‍ ഒളിപ്പിച്ച വിഗ്രഹം കണ്ടെടുത്തു
ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍: കിണറ്റില്‍ ഒളിപ്പിച്ച വിഗ്രഹം കണ്ടെടുത്തു
ഇടുക്കി: ഉപ്പുതറ ചപ്പാത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശികളെ ഉപ്പുതറ പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് ചുരുളി കെ എം പെട്ടി, കെ ജി പെട്ടി സ്വദേശികളായ ഈശ്വര്‍, ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഒളിപ്പിച്ച ക്ഷേത്രത്തിലെ വിഗ്രഹം പരപ്പ് വരയാത്ത് നാരായണന്റെ കിണറ്റില്‍നിന്ന് കണ്ടെടുത്തു. തമിഴ്നാട് ഉസിലാംപെട്ടിയില്‍നിന്നാണ് മോഷ്ടാക്കള്‍ പിടിയിലായത്. കഴിഞ്ഞ മൂന്നിനാണ് ക്ഷേത്രത്തില്‍ മോഷണംനടന്നത്. പ്രധാന ശ്രീകോവിലിലെ ശീവേലി വിഗ്രഹം, ദേവിയുടെ വിഗ്രഹത്തില്‍ അണിയിക്കുന്ന മൂന്ന് സ്വര്‍ണ താലികള്‍, നാല് ശ്രീകോവിലുകളിലും വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന ആടയാഭരണങ്ങള്‍, അഞ്ച് കാണിക്ക വഞ്ചികളില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ ഒഴികെയുള്ള പണം തുടങ്ങിയവയാണ് കവര്‍ന്നത്. മുഖംമറച്ച നിലയില്‍ മോഷ്ടാക്കളുടെ ദൃശ്യം ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസി ക്യാമറയില്‍ പതിഞ്ഞിരുന്നു. ബൈക്കിലെത്തിയ മോഷ്ടാക്കളെ സംഭവദിവസം ചപ്പാത്തില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് രേഖാചിത്രം തയാറാക്കി വാഗമണ്‍ എസ്എച്ച്ഒയുടെ മേല്‍നോട്ടത്തിലുള്ള ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് വിഗ്രഹം ഒളിപ്പിച്ച സ്ഥലവും വെളിപ്പെടുത്തി. 40 അടി താഴ്ചയും പത്തടി പൊക്കത്തില്‍ വെള്ളവുമുള്ള കിണറ്റിലിറങ്ങി വിഗ്രഹം കണ്ടെടുത്തു. വിഗ്രഹത്തിന്റെ പ്രഭ തകര്‍ന്ന നിലയിലാണ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കമ്പത്തുനിന്ന് വീണ്ടെടുക്കാന്‍ നടപടി തുടങ്ങി. ക്ഷേത്രത്തില്‍ തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. വാഗമണ്‍ സിഐ ജയകുമാര്‍ വി, ഉപ്പുതറ എസ്‌ഐമാരായ ബേബി ബിജു, എസ് സുബൈര്‍, എസ് സിപിഒസലീല്‍ രവി, സിപിഒമാരായ അങ്കു കൃഷ്ണന്‍ എം, മിഥുന്‍ പി സോമന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.
What's Your Reaction?