ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സുകളുടെ വഴിമുടക്കി അനധികൃത പാര്‍ക്കിങ്: രോഗികള്‍ ദുരിതത്തില്‍
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സുകളുടെ വഴിമുടക്കി അനധികൃത പാര്‍ക്കിങ്: രോഗികള്‍ ദുരിതത്തില്‍
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആശുപത്രി കവാടത്തിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതകുരുക്കുരുക്കും അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ആശുപത്രി ജീവനക്കാരുടെയും ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെയും ഇരുചക്രവാഹനങ്ങള്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ പ്രവേശന കവാടത്തില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ആദ്യത്തെ പ്രതിസന്ധി. ഇതിനുപുറമെ ആശുപത്രി മുറ്റത്ത് അനധികൃതമായി ഓട്ടോറിക്ഷകള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു. മുമ്പ് യാത്രക്കാരുടെ സൗകര്യാര്‍ഥം ഒരു ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നിലധികം വാഹനങ്ങള്‍ ഇവിടെ നിരത്തുകള്‍ കൈയേറുന്ന സ്ഥിതിയാണ്. ഇത് രോഗികളുമായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നുണ്ട്. ആശുപത്രി പരിസരത്ത് അനധികൃതമായി പാര്‍ക്കിങ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തന്നെയാണ് പിന്നീട് അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുടുങ്ങുന്ന ആംബുലന്‍സുകള്‍ക്ക് വഴി തെളിയിക്കാന്‍ റോഡിലിറങ്ങി കൈകള്‍ വീശി വഴി കാണിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും വാഹനങ്ങള്‍ ദിനംപ്രതി ഇവിടെ എത്താറുണ്ടെങ്കിലും ഇത് കണ്ടില്ലായെന്ന് നടിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന ആംബുലന്‍സുകള്‍ രോഗികളെ ഇറക്കിയശേഷം പുറത്തേക്ക് പോകാനും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വാഹനം ഒന്ന് തിരിക്കാന്‍ പോലും സ്ഥലമില്ലാത്തവിധം വാഹനങ്ങള്‍ കിടക്കുന്നത് ഡ്രൈവര്‍മാരെയും രോഗികളുടെ ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രവേശന കവാടത്തിലേക്ക് എത്തുമ്പോള്‍ വാഹനം തിരിക്കാന്‍ പോലും സാധിക്കാത്ത ഈ സ്ഥിതി അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പ്രവേശന കവാടത്തിലെ ഇരുചക്ര വാഹന പാര്‍ക്കിങ്ങും അനധികൃത ഓട്ടോ സ്റ്റാന്‍ഡും അടിയന്തരമായി മാറ്റി ആംബുലന്‍സുകള്‍ക്ക് സുഗമമായ യാത്രയൊരുക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?