പീരുമേട്ടിലെ പോബ്‌സ് എസ്‌റ്റേറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും: ലോക്ക് ഔട്ട് നോട്ടീസ് പിന്‍വലിച്ചു
പീരുമേട്ടിലെ പോബ്‌സ് എസ്‌റ്റേറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും: ലോക്ക് ഔട്ട് നോട്ടീസ് പിന്‍വലിച്ചു
ഇടുക്കി: പോബ്‌സ് മാനേജ്‌മെന്റ് പാട്ടത്തിനെടുത്ത് നടത്തിയിരുന്ന പീരുമേട്ടിലെ ഏഴ് തേയിലത്തോട്ടങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കാണിച്ച് മാനേജ്‌മെന്റ് ഇറക്കിയ ലോക്ക് ഔട്ട് നോട്ടീസ് പിന്‍വലിച്ചു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വേതന കുടിശിക ഡിസംബര്‍ 2ന് മുമ്പായി നല്‍കും. കുടിശിക വിതരണം ചെയ്യുന്ന തൊട്ടടുത്ത ദിവസം മുതല്‍ തോട്ടം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അന്നുമുതലുള്ള വേതനം കൃത്യമായി നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് ക്രിസ്മസിന് മുമ്പായി നല്‍കും. തോട്ടം തുറക്കുന്നതുമുതല്‍ ആവശ്യമായ തൊഴിലാളികളെ പൂര്‍ണമായി ജോലിക്ക് എത്തിക്കുമെന്ന് യൂണിയനുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ കുറവുണ്ടായാല്‍ പകരം ആളുകളെ നിയമിക്കാനും, അനധികൃത ലയം കൈയേറ്റം, ഹാജരില്ലായ്മ എന്നിവയില്‍ നിയമനടപടി സ്വീകരിക്കാനും മാനേജ്മെന്റിന് അനുമതിയുണ്ടാകും. ഫാക്ടറിയിലെ ആഴ്ച അവധി തിങ്കളാഴ്ചയാക്കി മാറ്റിയതിനാല്‍ ഞായറാഴ്ചകളില്‍ ഫാക്ടറി പ്രവര്‍ത്തിക്കും. തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ തോട്ടത്തില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കാനും ഇതിന്റെ ഇന്‍സെന്റീവ് നിരക്കുകള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും തീരുമാനിച്ചു. മരണവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളുടെ കാര്യത്തില്‍ മറ്റ് തോട്ടങ്ങളിലെ കീഴ്വഴക്കം പരിശോധിച്ച ശേഷം ഫെബ്രുവരിയിലെ ചര്‍ച്ചയില്‍ തീരുമാനമെടുക്കും. തോട്ടത്തിന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്ന നടപടികള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് യൂണിയനുകളും വ്യക്തമാക്കി. എല്ലാവരും കരാര്‍ അംഗീകരിച്ചതോടെ എസ്റ്റേറ്റിലെ പ്രതിസന്ധിക്ക് പരിഹാരമായി.
What's Your Reaction?