ഇരട്ടക്കൊലപാതകം നടന്നതായുള്ള സംശയം: പ്രതി നിധീഷിനെ കസ്റ്റഡിയിൽ വാങ്ങി: കക്കാട്ടുകടയിലെ വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കും :നേരറിയാൻ പൊലീസ്
ഇരട്ടക്കൊലപാതകം നടന്നതായുള്ള സംശയം: പ്രതി നിധീഷിനെ കസ്റ്റഡിയിൽ വാങ്ങി: കക്കാട്ടുകടയിലെ വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കും :നേരറിയാൻ പൊലീസ്

ഇടുക്കി: മോഷണക്കേസിൽ തുടരന്വേഷണത്തിനിടെ കട്ടപ്പന കേന്ദ്രീകരിച്ച് ഇരട്ടക്കൊലപാതകം നടന്നതായുള്ള വെളിപ്പെടുത്തലിൽ കേസിലെ രണ്ടാം പ്രതി നിധീഷിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. കാണാതായ വിജയൻ്റെ മൃതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്ന കക്കാട്ടുകടയിലെ വാടകവീട്ടിൽ ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് സൂചന. മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കും.
പ്രതികളിൽ ഒരാളുടെ അച്ഛന്റെയും സഹോദരിയുടെ നവജാത ശിശുവിന്റെയും മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ദുർമന്ത്രവാദം നടന്നതായി ചില സൂചനകളും ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), ഇയാളുടെ സഹായി പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്-31) എന്നിവരെ കഴിഞ്ഞ രണ്ടിന് കട്ടപ്പന പൊലീസ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണു ജുഡീഷ്യൽ കസ്റ്റഡിയിലും നിധീഷ് റിമാൻഡിലുമാണ്.
ഈ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന കക്കാട്ടുകടയിലെ വീട്ടിലെത്തിയിരുന്നു. വീടിനുള്ളിലെ സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്ന അമ്മയുടെയും സഹോദരിയുടെയും സംസാരത്തിലെ അസ്വഭാവികതയുമാണ് സംശയത്തിനിടയാക്കിയത്. ഇവരിൽ നിന്നാണ് നിർണായക വിവരം പൊലീസിന് ലഭിച്ചതെന്നാണ് സൂചന. വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങളായി കാൺമാനില്ലായിരുന്നു. കൂടാതെ, അയൽവാസികളുമായി ഇവർക്ക് യാതൊരുബന്ധവുമില്ല. പുറംലോകവുമായി ബന്ധപ്പെടാത്തവിധമാണ് അമ്മയേയും സഹോദരിയേയും വിഷ്ണു പാർപ്പിച്ചിരുന്നതെന്നും വിവരമുണ്ട്. പൊലീസ് എത്തിയപ്പോഴും ഇരുവരും ഒറ്റയ്ക്കായിരുന്നു. തുടർന്ന് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു.
കക്കാട്ടുകടയിലെ വീട്ടിൽ വ്യാഴാഴ്ച മുതൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണുവും കുടുംബവും നേരത്തെ കട്ടപ്പന സാഗര ജങ്ഷനുസമീപമുള്ള വീട്ടിൽ താമസിച്ചിരുന്നു. നവജാത ശിശുവിന്റെ മരണം 2016ൽ ഇവിടെ സംഭവിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ വീട് വിറ്റശേഷമാണ് കക്കാട്ടുകടയിലേക്ക് താമസം മാറിയത്. കൂട്ടുപ്രതിയും വിഷ്ണുവിന്റെ സുഹൃത്തുമായ നിധീഷ് മന്ത്രവാദവും പൂജയും പഠിച്ചിരുന്നയാളാണെന്നും വിവരമുണ്ട്. അതേസമയം ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
What's Your Reaction?






