വൈദിക വേഷമണിഞ്ഞ് തട്ടിപ്പ്: വെട്ടിക്കുഴക്കവല സ്വദേശിയുടെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി
വൈദിക വേഷമണിഞ്ഞ് തട്ടിപ്പ്: വെട്ടിക്കുഴക്കവല സ്വദേശിയുടെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി

കട്ടപ്പന: വൈദിക വേഷമണിഞ്ഞ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വെട്ടിക്കുഴക്കവല സ്വദേശിയായ 17കാരന്റെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് മുട്ടം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശപ്രകാരം കൗമാരക്കാരന്‍ മാതാപിതാക്കള്‍ക്കൊപ്പം ഹാജരാകണം. ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങിനും കോടതി നിര്‍ദേശിക്കും. പ്ലസ്വണ്‍ വിദ്യാര്‍ഥിയുടെ പക്കല്‍നിന്ന് അശ്ലീല ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് അറിയിച്ച് ഈ കുട്ടിയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് വെട്ടിക്കുഴക്കവല സ്വദേശിക്കെതിരെ പരാതി ലഭിച്ചിരുന്നു. കൂടാതെ, വിവരങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
ളോഹയിട്ട് കുര്‍ബാന അര്‍പ്പിക്കുന്ന വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് വെട്ടിക്കുഴക്കവല സ്വദേശി തട്ടിപ്പ് നടത്തിയത്. വീട്ടില്‍നിന്നു സാധാരണ വേഷത്തില്‍ പുറത്തുപോകുന്ന ഇയാള്‍ ളോഹയിട്ട് വൈദികനെപ്പോലെ ആളുകളുമായി ഇടപ്പെടുന്നതായും വിവരം ലഭിച്ചു. നേരത്തെ വൈദികര്‍ നടത്തിയിരുന്ന ഷെല്‍റ്റര്‍ഹോമില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നു. ഇവിടുന്ന് കൈക്കലാക്കിയ ളോഹ ധരിച്ചാണ് തട്ടിപ്പ്. കുര്‍ബാന അര്‍പ്പിക്കുന്ന തരത്തിലുള്ള വ്യാജ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌കൂളുകളുടെയും കോളേജുകളുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇയാള്‍ കയറിപ്പറ്റി. സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനം തട്ടിപ്പിനായി ഉപയോഗപ്പെടുത്തി. പരാതി ലഭിച്ചതോടെ കൗമാരക്കാരന്റെ മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാലാണ് പൊലീസ് സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയാറാക്കി മുട്ടം ജുവനൈല്‍ കോടതിയില്‍ നല്‍കിയത്.
What's Your Reaction?






