ഇടുക്കിയില്‍ കാലാവസ്ഥ അടിയന്തരാവസ്ഥയെന്ന് ശില്‍പ്പശാലയില്‍ വിലയിരുത്തല്‍
ഇടുക്കിയില്‍ കാലാവസ്ഥ അടിയന്തരാവസ്ഥയെന്ന് ശില്‍പ്പശാലയില്‍ വിലയിരുത്തല്‍

കട്ടപ്പന:ജില്ലയില്‍ കാലാവസ്ഥ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ചേര്‍ന്ന് നടത്തിയ ജില്ലാതല ശില്‍പ്പശാല വിലയിരുത്തി. ഇതിനെ അതിജീവിക്കാന്‍ മണ്ണിന്റെ ഫലഫൂയിഷ്ടത വര്‍ധിപ്പിച്ച് ജലസംരക്ഷണം ഉറപ്പാക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ അതിജീവന, പ്രതിരോധ, പുനരധിവാസ സംവിധാനം ഉണ്ടാകണം. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാം.
കൃഷിഭൂമിയും വനങ്ങളും സംരക്ഷിച്ച് കാലാവസ്ഥ അനുകൂലമാക്കിയാല്‍ വിനോദ സഞ്ചാരമേഖലയും മുന്നേറുമെന്ന് യോഗം വിലയിരുത്തി. പ്രകൃതിയുടെ സന്തുലനാവസ്ഥ പുനസ്ഥാപിച്ചാല്‍ കാലാവസ്ഥാ വെല്ലുവിളികളെ പ്രതിരോധിക്കാമെന്ന് കാര്‍ഷിക വിദഗ്ധ ഉഷ ശൂലപാണി ചൂണ്ടിക്കാട്ടി. വെള്ള സംരക്ഷണത്തിന് ശാസ്ത്രീയ ഇടപെടലുകള്‍ വേണം.
കര്‍ഷകരുടെ വരുമാനവും മെച്ചപ്പെടുത്തണം. മഴക്കെടുതികള്‍ അതിജീവിക്കുന്നതിനായുള്ള വിത്തുകളും കാര്‍ഷികരീതികളും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയില്‍ വ്യാപകമാക്കണമെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉറപ്പാക്കുന്ന കര്‍മപദ്ധതി വേണമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഡോ. സിജി മധുസൂദനന്‍ ചൂണ്ടിക്കാട്ടി. കൃഷി, മണ്ണ്സംരക്ഷണം, മൃഗപരിപാലനം, മത്സ്യബന്ധനം, മത്സ്യകൃഷി, ഊര്‍ജസംരക്ഷണം, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംസാരിച്ചു.
യോഗത്തിലെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും പരിഹാരങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, കാലാവസ്ഥ ഗവേഷകന്‍ സിജയ രാമന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ പി സലീനാമ്മ, ഊര്‍ജകാര്യക്ഷമത വിദഗ്ദന്‍ ജോണ്‍സണ്‍ ഡാനിയേല്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പരിപാടി ഉദ്ഘാടനം ചെയ്തു
What's Your Reaction?






