മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി: പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡും പൊലീസും
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി: പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡും പൊലീസും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പരിശോധന ശക്തമാക്കി. ഈ സന്ദേശം ആദ്യം ഇ മെയിലായി തൃശൂര്‍ കോടിതിയിലാണ് ലഭിച്ചത്. ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കലക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കലക്ടര്‍ ഈ വിവരം ഇടുക്കി കലക്ടര്‍ക്ക് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പൊലീസും സംയുക്തമായാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടര്‍, മെയിന്‍ ഡാം, ബേബി ഡാം ഷട്ടര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പരിശോധന പുരോഗമിക്കുന്നത്. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലവും പരിശോധിക്കുന്നത്. അതിനിടെ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുമായെത്തിയ മാധ്യമപ്രവര്‍ത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായ ജിനീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഈ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
What's Your Reaction?






